കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കവെ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തിരിച്ചടിയായി മറ്റൊരു മുതിര്‍ന്ന നേതാവ് കൂടി രാജിവെച്ചു. പശ്ചിമ ബംഗാള്‍ വനംവകുപ്പ് മന്ത്രി രജീബ് ബാനര്‍ജിയാണ് രാജിവെച്ചത്. രാജീബിന്റെ രാജി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ സ്വീകരിച്ചു.
എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി പാര്‍ട്ടി നേതൃത്വവുമായും ചില നേതാക്കളുമായുമുള്ള അഭിപ്രായ ഭിന്നതകള്‍ രാജീബ് ബാനര്‍ജി പരസ്യമായി വെളിപ്പെടുത്തിയിരുന്നു. ചില തൃണമൂല്‍ നേതാക്കള്‍ പ്രവര്‍ത്തകരെ ഉപയോഗിച്ച് ലാഭമുണ്ടാക്കുന്നുണ്ടെന്നും അവരെ അടിമകളായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെയാണ് രാജീബ് ബാനര്‍ജി ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുന്നത്.
അതേസമയം തുടര്‍ച്ചയായി തൃണമൂലില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുമ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ പ്രതിസന്ധിയാണ് പാര്‍ട്ടി നേരിടുന്നത്. തൃണമൂലില്‍ നിന്ന് ധാരാളം പേരാണ് ബിജെപിയില്‍ ചേര്‍ന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് അന്‍പതോളം തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയിലെത്തുമെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം തൃണമൂല്‍ എംഎല്‍എയായ അരിന്ദം ഭട്ടാചാര്യ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
Discussion about this post