ഛണ്ഡിഗഡ് : പ്രാര്‍ത്ഥയ്ക്കായി സൗകര്യമില്ലാത്ത മുസ്ലീം സുഹൃത്തുക്കള്‍ക്കായി കര്‍ഷകനായ സിഖുകാരന് പള്ളി നിര്‍മ്മിച്ചു നല്കി. പഞ്ചാബിലെ സരവ്പൂര്‍ സ്വദേശിയായ ജോഗാ സിംഗ് എന്ന കര്‍ഷകനാണ് തന്റെ മുസ്ലീം സുഹൃത്തിന് പ്രാര്‍ത്ഥിക്കാന്‍ പള്ളി നിര്‍മ്മിച്ചു നല്‍കിയത്.
ജോഗ സിംഗ് തയ്യാറായതുകൊണ്ട് മാത്രമാണ് തങ്ങള്‍ക്ക് ഗ്രാമത്തില്‍ ഒരു പള്ളി ലഭിച്ചതെന്ന് ജോഗയുടെ ആത്മമിത്രമായ മുഹമ്മദ് ജമീല്‍ പറഞ്ഞു. പള്ളിയുടെ മുന്നില്‍ ജോഗ സിംഗും മുഹമ്മദ് കെട്ടിപ്പിടിച്ച് നില്ക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. പ്രദേശത്ത് 300 സിഖ് കുടുംബങ്ങളും 11 മുസ്ലീം കുടുംബങ്ങളുമാണുള്ളത്.
പ്രദേശത്തെ മുസ്ലീം പള്ളി ഒരു കലാപത്തെ തുടര്‍ന്ന് നശിപ്പിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രദേശത്തെ മുസ്ലീങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പത്ത് കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ടതായി വന്നു. ഇതേ തുടര്‍ന്നാണ് ജോഗാ സിംഗ് പള്ളി നിര്‍മ്മിച്ചു നല്‍കിയത്.
സിഖ് ഭൂരിപക്ഷ പ്രദേശമായതിനാല്‍ പ്രദേശത്ത് ഗുരുദ്വാരകള്‍ ധാരാളമായി ഉണ്ടായിരുന്നു. എന്നാല്‍ മുസ്ലീം പള്ളി ഉണ്ടായിരുന്നില്ല. ഇംഗ്ലണ്ടില്‍ ബിസിനസുകാരനായ സഹോദരന് സജ്ജാന്‍ സിംഗ് കുമാര്‍ നല്കിയ പണം വിനിയോഗിച്ചാണ് ജോഗാ സിംഗ് പള്ളി നിര്‍മ്മിച്ചു നല്‍കിയത്. 1947ലെ കലാപത്തില്‍ പള്ളി തകര്‍ക്കപ്പെട്ട അതേ സ്ഥലത്ത് തന്നെയാണ് പുതിയ പള്ളി നിര്‍മ്മിച്ചത്.
Discussion about this post