ബെംഗളൂരു : കര്‍ണാടകയിലും ഹിമാചല്‍പ്രദേശിലും തീവണ്ടികള്‍ പാളംതെറ്റി നാലുപേര്‍ മരിച്ചു. കലബുര്‍ഗിയില്‍ തുരന്തോ എക്സ്പ്രസും ഹിമാചലില്‍ വിനോദസഞ്ചാര തീവണ്ടിയുമാണ് പാളംതെറ്റിയത്.
തുരന്തോ എക്സ്പ്രസ് യാത്രക്കാരില്‍ ആന്ധ്ര സ്വദേശികളായ പുഷ്പലത(26), ജ്യോതി(46) എന്നിവരാണ് മരിച്ചത്. എട്ടുപേര്‍ക്ക് പരിക്കേറ്റു. കലബുര്ഗിക്ക് 20 കിലോമീറ്റര്‍ അകലെ മര്ത്തൂര് സ്റ്റേഷന് സമീപം ശനിയാഴ്ച പുലര്‍ച്ചെ 2.20 ഓടെയാണ് അപകടം.
സെക്കന്തരാബാദില്‍നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന എക്സ്പ്രസ്സാണ് അപകടത്തില്‍പ്പെട്ടത്. മര്ത്തൂര് റെയില്‍വേ സ്റ്റേഷന് കഴിഞ്ഞയുടനെയാണ് ബോഗികള്‍ പാളം തെറ്റിയത്. എഞ്ചിനോട് ചേര്‍ന്ന ഏഴ് ബോഗികള്‍ കടന്നുപോയതിനുശേഷം പിന്നാലെയുള്ള ഒമ്പത് ബോഗികള്‍ പാളംതെറ്റി. ഇതില്‍ ബി എട്ട് കോച്ചിലുള്ള യാത്രക്കാരാണ് മരിച്ചത്.
പരിക്കേറ്റവരെ കലബുര്‍ഗിയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.
ഹിമാചല്‍പ്രദേശില്‍ വിനോദ സഞ്ചാരികള്‍ക്കായി ഓടുന്ന പൈതൃക തീവണ്ടി പാളംതെറ്റി രണ്ടു വിദേശികളാണ് മരിച്ചത്. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരാള്‍ വനിതയാണ്.
ഹിമാചല്‍പ്രദേശ് നഗരത്തിന് സമീപം ലോക പൈതൃകപാതയായ കല്ക്കഷിംല റൂട്ടിലാണ് അപകടം. കല്ക്കഷിംല തീവണ്ടിയുടെ രണ്ടു കോച്ചുകളാണ് പാളംതെറ്റിയത്. മൃഗങ്ങള്‍ പെട്ടെന്ന് പാളത്തിലേക്ക് കയറിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം.
വിശദമായ അന്വേഷണത്തിന് റെയില്‍വേമന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടു. റെയില്‍വേ സുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 25,000 രൂപയും നിസ്സാരപരിക്കേറ്റവര്ക്ക് 5000 രൂപയും റെയില്‍വേ സഹായം പ്രഖ്യാപിച്ചു.
റെയില്‍വേ ബോര്‍ഡ് ചെയര്മാന് എ.കെ. മിത്തല്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. അപകടത്തെ ത്തുടര്‍ന്ന് തകരാറിലായ പാതയിലൂടെയുള്ള ഗതാഗതം ഞായറാഴ്ച പുനഃസ്ഥാപിക്കും.
Discussion about this post