ഒറ്റപ്പാലം : പ്രശസ്ത മോഹിനിയാട്ട നര്‍ത്തകിയും കേരള കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പലുമായ കലാമണ്ഡലം സത്യഭാമ(77) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഒറ്റപ്പാലത്തെ സ്വകാര്യ ആസ്പത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്ഥാന സര്‍ക്കാരിന്റെ നൃത്തനാട്യപുരസ്കാരം ആദ്യമായി ലഭിച്ചത് സത്യഭാമയ്ക്കായിരുന്നു. ബാലെകളും നൃത്തനാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 1993 ല്‍ കലാമണ്ഡലം പ്രിന്‍സിപ്പലായിരിക്കെ വിരമിച്ചു. 2014 ലില്‍ പത്മശ്രീ നല്കി രാജ്യം അവരെ ആദരിച്ചു. 1994 ലില്‍ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു
മോഹിനിയാട്ടത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തി വേഷവിധാനത്തിലും കേശാലങ്കാരത്തിലും പരിഷ്കാരങ്ങള്‍ വരുത്തിയത് ശിഷ്യഗണങ്ങളുടെ പ്രിയപ്പെട്ട സത്യഭാമ ടീച്ചറായിരുന്നു. നേരത്തെ കഥകളിയുടെ നിഴലെന്നു വിശേഷിപ്പിക്കാവുന്ന കലാരൂപമായിരുന്നു മോഹിനിയാട്ടം. കഥകളിയില്‍ നിന്ന് മോഹിനിയാട്ടത്തെ മോചിപ്പിച്ച് പുതിയ അടവും ഭംഗിയുമുള്ള മുദ്രകളുണ്ടാക്കി ലളിതമാക്കിയത് സത്യഭാമയായിരുന്നു.
മോഹിനിയാട്ട ശൈലിയില്‍ കണ്ണകി, ചണ്ഡാലഭിക്ഷുകി തുടങ്ങിയ നൃത്തനാടകങ്ങളും അവര്‍ ഒരുക്കി. ‘മോഹിനിയാട്ടം: ചരിത്രം സിദ്ധാന്തം പ്രയോഗം’ എന്നൊരു പുസ്തകവും അവര്‍ എഴുതിയിട്ടുണ്ട്. കലാമണ്ഡലത്തില്‍ പഠിച്ച് വളര്‍ന്ന് അവിടെ തന്നെ അധ്യാപികയായി ഒടുവില്‍ അവിടെ നിന്ന് പ്രിന്‍സിപ്പലായിട്ടാണ് അവര്‍ വിരമിച്ചത്.
ശ്രീകുമാരന്‍ തമ്പിയുടെ ബന്ധുക്കള്‍ ശത്രുക്കള്‍ എന്ന സിനിമയുടെ നൃത്തസംവിധാനം നിര്‍വഹിച്ചത് സത്യഭാമയായിരുന്നു. ആ ചിത്രത്തിലെ ‘മലയാളിപ്പെണ്ണേ നിന്റെ മനസ്സ്’ എന്ന് തുടങ്ങുന്ന ഗാനത്തിലെ മോഹിനിയാട്ട രംഗങ്ങള്‍ ചിട്ടപ്പെടുത്തിയത് ടീച്ചറായിരുന്നു.
സംസ്കാരം ഞായറാഴ്ച വൈകുന്നേരം നാലിന് ഷൊര്‍ണൂര്‍ ശാന്തികവാടത്തില്‍ നടക്കും. മൃതദേഹം ഉച്ചക്ക് രണ്ടിന് കേരളകലാമണ്ഡലത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
Discussion about this post