മുംബൈ: ചർമം പരസ്പരം ചേരാതെ പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന് കാണാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. പോക്സോ ആക്ടുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. പോക്സോ ആക്ട് പ്രകാരം ‘ശരീരഭാഗങ്ങൾ പരസ്പരം (skin to skin contact) ചേരാതെ ഒരു പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് ജസ്റ്റിസ് പുഷ്പ ഗനേഡിവാല ഉത്തരവിൽ വ്യക്തമാക്കി.
ജനുവരി 19നാണ് ഉത്തരവ് പുറപ്പെടുവിച്ചതെങ്കിലും ഞായറാഴ്ചയാണ് ഇതിന്റെ വിശദാംശം പുറത്തുവന്നത്. ഒരു സംഭവത്തെ പോക്സോ പ്രകാരം ലൈംഗിക പീഡനമായി കണക്കാക്കണമെങ്കിൽ ലൈംഗിക ഉദ്ദേശത്തോടെ ചർമവും ചർമവും ചേർന്നുള്ള സ്പർശനം ആവശ്യമാണെന്നും ഉത്തരവിൽ പറയുന്നു. പെൺകുട്ടിയെ വസ്ത്രത്തിനു പുറത്തു കൈവച്ച് സ്പർശിക്കുന്നത് ലൈംഗിക പീഡനമായി കണക്കാക്കാനാകില്ല. 12 വയസ്സുകാരിയെ പീഡിപ്പിച്ചതിന് മുപ്പത്തിയൊൻപതുകാരനെ മൂന്നു വർഷത്തേക്കു ശിക്ഷിച്ച സെഷൻസ് കോടതി നടപടി തിരുത്തിയാണ് ഉത്തരവ്.
സതീഷ് എന്ന വ്യക്തി 2016 ഡിസംബറില് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണു പരാതി.നാഗ്പുരിലെ വീട്ടിലേക്ക് പെൺകുട്ടിയെ പേരയ്ക്ക നൽകാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽവച്ച് പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുകയും വസ്ത്രം മാറ്റാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ മേൽവസ്ത്രം മാറ്റാതെയാണ് മാറിടത്തിൽ സ്പർശിച്ചത്. അതിനാൽത്തന്നെ അതിനെ ലൈംഗിക ആക്രമണമായി കണക്കാക്കാനാകില്ല. മറിച്ച് ഐപിസി 354 വകുപ്പ് പ്രകാരം പെൺകുട്ടിയുടെ അന്തസ്സിനെ ലംഘിച്ചതിനു പ്രതിക്കെതിരെ കേസെടുക്കാം.
എന്നാൽ ഈ വകുപ്പ് പ്രകാരം കുറഞ്ഞത് ഒരു വർഷം മാത്രമാണു തടവുശിക്ഷ. പോക്സോ ആക്ട് പ്രകാരമാണെങ്കിൽ കുറഞ്ഞത് 3 വർഷവും. പെൺകുട്ടിയുടെ മേൽവസ്ത്രം മാറ്റിയോ, വസ്ത്രത്തിനകത്തേക്ക് കയ്യിട്ടോ, മാറിടത്തിൽ നേരിട്ടു കൈകൊണ്ട് സ്പർശിച്ചോ തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും കൃത്യമായ തെളിവോടെ ഉത്തരമില്ലെങ്കിൽ കേസ് ലൈംഗിക പീഡനത്തിന്റെ പരിധിയിൽ വരില്ലെന്നും ഉത്തരവിൽ പറയുന്നു.
കേരളത്തിൽ കോവിഡ് കുതിച്ചുയരുന്നു, ദേശീയ ശരാശരിയുടെ ആറിരട്ടി; ചർച്ച ചെയ്യാതെ മാധ്യമങ്ങൾ
ലൈംഗിക ഉദ്ദേശ്യത്തോടെ കുട്ടിയുടെ ജനനേന്ദ്രിയം, മാറിടം, ഗുഹ്യഭാഗം എന്നിവയിൽ സ്പർശിക്കുകയോ അല്ലെങ്കിൽ മറ്റൊരാളുടെ ജനനേന്ദ്രിയം, മാറിടം, ഗുഹ്യഭാഗം എന്നിവിടങ്ങളിൽ സ്പർശിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്താൽ പോക്സോ പ്രകാരം ലൈംഗിക പീഡനമാണ്. ലൈംഗിക ബന്ധത്തിലേർപ്പെടാതെ ലൈംഗികോദ്ദേശ്യത്തോടെ ശരീരം പരസ്പരം ചേർന്ന് (physical contact) നടത്തുന്ന എന്തും പീഡനത്തിന്റെ പരിധിയിൽ വരും. എന്നാൽ ശരീരം പരസ്പരം ചേരുക എന്നാൽ അതിനർഥം ചർമം ചർമത്തോടു ചേരുക എന്നതാണെന്നും അല്ലെങ്കിൽ ശരീരഭാഗത്തിൽ നേരിട്ടു കടന്നുപിടിക്കുക എന്നതാണെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
Discussion about this post