ഡല്‍ഹി: ചര്‍മത്തില്‍ തൊടാതെ ഒരു കുട്ടിയുടെ ദേഹത്ത് മോശം രീതിയില്‍ സ്പര്‍ശിച്ചാല്‍ അത് ലൈംഗികപീഡനമാകില്ലെന്ന പരാമര്‍ശമടങ്ങിയ ബോംബെ ഹൈക്കോടതിയുടെ വിവാദ വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി. തൊലിപ്പുറത്ത് തൊടാതെയുളള ലൈംഗികാതിക്രമത്തില്‍ പോക്സോ ചുമത്താനാകില്ലെന്ന ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന്റെ പരാമര്‍ശവും ഇതോടെ റദ്ദായി. മൂന്ന് വനിതാ അഭിഭാഷകര്‍ നല്കിയ സ്പെഷ്യല്‍ ലീവ് പെറ്റീഷന് പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഹര്‍ജിയെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പിന്തുണച്ചു. ഇത് അപകടകരമായ ഒരു കീഴ്വഴക്കം ഉണ്ടാക്കിയേക്കാമെന്നും, അടിയന്തരമായി നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും കെ കെ വേണുഗോപാല്‍ പറഞ്ഞു. കൃത്യമായ ഒരു ഹര്‍ജി തയ്യാറാക്കി സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് അറ്റോര്‍ണി ജനറലിനോട് നിര്‍ദേശിച്ചു.
പ്രതിയെ കുറ്റവിമുക്തനാക്കിയ വിധി സ്റ്റേ ചെയ്ത കോടതി, അടിയന്തരമായി ശിക്ഷാവിധി പുനഃസ്ഥാപിക്കുകയും രണ്ടാഴ്ചക്കകം പ്രതിയോട് തിരികെ ജയിലില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. 31 വയസായ ഒരാള്‍ 12 വയസുളള ഒരു കുട്ടിയുടെ ഷാള്‍ മാറ്റി മാറിടത്തില്‍ കയറിപ്പിടിച്ച കേസ് പരിഗണിക്കവെയാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് ഞെട്ടിക്കുന്ന പരാമര്‍ശം നടത്തിയത്.
കേസ് പരിഗണിച്ച ബോംബെ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഈ സംഭവത്തില്‍ പോക്സോ കേസ് നിലനില്‍ക്കില്ലെന്ന വിചിത്രമായ പരാമര്‍ശമാണ് നടത്തിയത്. പോക്സോ ചുമത്തണമെങ്കില്‍ പ്രതി വസ്ത്രത്തിനുളളിലൂടെ സ്പര്‍ശിക്കണമായിരുന്നു. പ്രതി മാറിടത്തില്‍ പിടിച്ചെന്ന് പറയുന്നത് വസ്ത്രത്തിന് പുറത്ത് കൂടിയാണ്. ഇത് ലൈംഗികാതിക്രമമല്ല. ശരീരത്തില്‍ നേരിട്ട് സ്പര്‍ശിക്കാത്ത പക്ഷം സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് മാത്രം ചുമത്താം എന്നായിരുന്നു കേസില്‍ കോടതിയുടെ വിധിന്യായം.
Discussion about this post