പെരുമ്പാവൂര്‍: ഗുണ്ടാ നേതാവ് അനസിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ച നടപടി ശരിവച്ച് ഹൈക്കോടതി. പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ വെങ്ങോല വില്ലേജ് നെടുംതോട് കരയില്‍, പാലയ്ക്കല്‍ വീട്ടില്‍ കുഞ്ഞു മുഹമ്മദ് മകന് അന്‍സീറിനെ(അനസ്സ് 36) എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക് ഐ പി.എസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിരിക്കുകയാണ്.
പെരുമ്പാവൂര്‍, കുറുപ്പംപടി, എടത്തല, ആലുവ ഈസ്റ്റ്, നോര്‍ത്ത് പറവൂര്‍, തിരുവനന്തപുരം ജില്ലയിലെ വലിയതുറ, കര്‍ണ്ണാടക സംസ്ഥാനത്തെ ഉപ്പിനങ്ങാടി തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കൊലപാതകം, ആയുധ നിയമ പ്രകാരമുള്ള കേസ്സ്, ദേഹോപദ്രവം, കഠിന ദേഹോപദ്രവം, ന്യായ വിരോധമായി സംഘം ചേരല്‍, അതിക്രമിച്ചു കടക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീയെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 11 കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടതായിട്ടാണ് പൊലീസ് റിപ്പോര്‍ട്ട്.
കാപ്പ ഉത്തരവിനെതിരെ അനസ് കാപ്പ അഡൈ്വസറി ബോര്‍ഡിനെയും, കേരള സര്‍ക്കാരിനേയും സമീപിച്ചിരുന്നെങ്കിലും കാപ്പ ചുമത്തിയ നടപടി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വിശദമായ വാദം കേട്ട ശേഷം കാപ്പ ചുമത്തി ജയിലില്‍ അടച്ച നടപടി ശരിവയ്ക്കുകയായിരുന്നു. ഇതോടെ ഈ മാര്‍ച്ച് മാസം വരെ അനസിന് ജയിലില്‍ തന്നെ കഴിയേണ്ടിവരും.
Discussion about this post