മുംബൈ : മുംബൈ നഗരത്തില്‍ പ്രഖ്യാപിച്ച ഇറച്ചിനിരോധനം ഹൈക്കോടതി സ്റ്റേ ചെയ്തു. ജൈനമതക്കാരുടെ ഉപവാസം പ്രമാണിച്ച് ഈ മാസം 17 ന് മാംസവില്പന നിരോധിച്ചിരുന്നു. എന്നാല്‍ നിരോധനത്തിനെതിരെ മട്ടന്‍ ഡീലേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് വിധി.
മുംബൈ നഗരത്തില്‍ നാല് ദിവസം ഇറച്ചി വില്പന വിലക്കിയത് ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് രണ്ടു ദിവസമാക്കി കുറച്ചിരുന്നു. സപ്തംബര്‍ പത്തിലെ നിരോധനം കഴിഞ്ഞതിനാല്‍ ഇനി 17ന് മാത്രമെ നിരോധനമുണ്ടായിരുന്നുള്ളൂ. വെള്ളിയാഴ്ച ചേര്‍ന്ന നഗരസഭയുടെ പ്രത്യേകയോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
സപ്തംബര്‍ 10, 13, 17, 18 തീയതികളിലാണ് നേരത്തെ നഗരത്തില്‍ ഇറച്ചിവില്പന നിരോധിച്ചിരുന്നത്. മുംബൈ പോലുള്ള നഗരത്തില്‍ ഇറച്ചി വില്പന നിരോധനം പ്രായോഗികമല്ലെന്ന് ഇറച്ചിവ്യാപാരികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് കഴിഞ്ഞദിവസം കോടതി അഭിപ്രായപ്പെട്ടിരുന്നു. നിരോധനത്തിനെതിരെ ശിവസേനയും എം.എന്‍.എസ്സും കോണ്‍ഗ്രസ്സും എന്‍.സി.പി.യും ശക്തമായ പ്രക്ഷോഭ പരിപാടികളാണ് നടത്തിയത്.
Discussion about this post