ഒരു കാലത്ത് ഫോണ്‍ വിപണി അടക്കിവാണിരുന്ന നോക്കിയ ചെറിയ ഇടവേളയ്ക്കു ശേഷം വിപണിയിലേക്ക് വീണ്ടും തിരിച്ചുവരുന്നു. ഇതിനൊരു തുടക്കമെന്നോണം ഈ വര്‍ഷമാദ്യം കമ്പനി നോക്കിയ എന്‍1 എന്ന പേരില്‍ ടാബ് പുറത്തിറക്കിയിരുന്നു. ഒപ്പം ആഗോളതലത്തില്‍ നിര്മാണവിപണന പങ്കാളിയെ തേടുന്നു എന്ന വിവരവും നോക്കിയ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ സമഗ്രമാറ്റം വന്ന കാലത്ത് നോക്കിയയും വിപണിയിലേക്ക് പ്രവേശിക്കുവാന്‍ തയ്യാറായിക്കഴിഞ്ഞു. അതിനായി കമ്പനി പുറത്തെത്തിയിരിക്കുകയാണ് നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണിന്റെ ചിത്രങ്ങളും സവിശേഷതകളുമെല്ലാം.
നോക്കിയ സി1 എന്നാണ് ഈ ആന്‍ഡ്രോയ്ഡ് ഫോണിന്റെ പേര്. ചിത്രത്തില്‍ കാണുന്നതനുസരിച്ച് വിപണിയില്‍ ഇപ്പോള്‍ കാണുന്ന പല സ്മാര്‍ട്ട്ഫോണുകളോടും സാദൃശ്യം തോന്നുന്ന ഡിസൈനിലാണ് സി1 എത്തുന്നത്. കനം കുറഞ്ഞ്, കര്‍വ്ഡ് ഡിസൈനിലാണ് നിര്‍മിച്ചിരിക്കുന്നത്. ഐഫോണിന് സമാനമായ രീതിയില്‍ ഫോണിന്റെ വശങ്ങളിലായി ഹോള്‍ നല്‍കിയാണ് സ്പീക്കറുകള്‍ സ്ഥാപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
അഞ്ച് ഇഞ്ച് എഫ്എച്ച്ഡി ഡിസ്പ്ലേയാണ് ഫോണിനുണ്ടാവുക എന്നാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എട്ട് മെഗാപിക്സല്‍ പിന് ക്യാമറയും അഞ്ച് മെഗാപിക്സല്‍ മുന്‍ക്യാമറയും ഉള്‍പ്പെടുന്നതാകും ക്യാമറ ഡിപ്പാര്‍ട്ട്മെന്റ്. ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പായ മാര്ഷ്മെലോയാണ് സി1ല്‍ പ്രതീക്ഷിക്കപ്പെടുന്നത്.
സി1 എപ്പോള്‍ വിപണിയില്‍ എത്തുമെന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ലെങ്കിലും ഈ വര്‍ഷം അവസാനത്തോടെ ഫോണ്‍ ഉപഭോക്താക്കളിലേക്ക് എത്തുമെന്നാണ് സൂചന. മൊബൈല്‍ ബിസിനസ്സ് മൈക്രോസോഫ്റ്റിന് കൈമാറിയപ്പോള്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം 2016 അവസാന പാദം വരെ നോക്കിയ കമ്പനിക്ക് വിപണിയില്‍ നേരിട്ട് പ്രവേശിക്കാനാവില്ല. അതിനാല്‍ മറ്റ് പങ്കാളികള്‍ വഴിയാകും നോക്കിയ സാങ്കേതിക വിദ്യയിലുള്ള ഫോണുകള്‍ വിപണിയില്‍ എത്തുക.
Discussion about this post