ഡൽഹി: ഇന്ത്യയിൽ പ്രവർത്തനം തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ത്യൻ നിയമങ്ങളെ ബഹുമാനിക്കണമെന്ന് ട്വിറ്ററിനോട് കേന്ദ്ര സർക്കാർ. ഇന്ത്യൻ നിയമങ്ങൾ അനുസരിച്ച് മാത്രമേ ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുവദിക്കൂവെന്ന് കേന്ദ്രം ട്വിറ്ററിനോട് വ്യക്തമാക്കി.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ഥാപനം സ്വന്തം നിയമങ്ങളേക്കാൾ രാജ്യത്തെ നിയമം പാലിക്കാൻ ബാദ്ധ്യസ്ഥമാണ്. ഇന്ത്യാ വിരുദ്ധ ഉള്ളടക്കമുണ്ടെന്ന് കണ്ടെത്തിയ മുഴുവൻ അക്കൗണ്ടുകളും ഉടൻ റദ്ദാക്കണമെന്ന് ട്വിറ്റർ പ്രതിനിധികളോട് കേന്ദ്ര ഐടി സെക്രട്ടറി ആവശ്യപ്പെട്ടു.
കർഷക വംശഹത്യയെന്ന ഹാഷ്ടാഗ് ഉപയോഗിച്ചത് അഭിപ്രായ സ്വാതന്ത്ര്യമോ മാധ്യമ സ്വാതന്ത്ര്യമോ അല്ലെന്ന് ഐ ടി സെക്രട്ടറി പറഞ്ഞു. ഇന്ത്യയിൽ പ്രവർത്തനം തുടരാൻ ട്വിറ്റർ ആഗ്രഹിക്കുന്നുവെന്നും നിയമങ്ങളെ കമ്പനി അനുസരിക്കുമെന്നും ട്വിറ്റർ കേന്ദ്ര സർക്കാരിനെ അറിയിച്ചു.
കർഷക സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. ഖാലിസ്ഥാൻ- പാകിസ്ഥാൻ ബന്ധമുള്ള അക്കൗണ്ടുകളും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള 702 അക്കൗണ്ടുകൾ കമ്പനി നീക്കം ചെയ്തിരുന്നു. ബാക്കിയുള്ളവ കൂടി നീക്കം ചെയ്യാനാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post