ഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് രണ്ടു വര്‍ഷ തികയുന്നതിനിടെ വീരമൃത്യു വരിച്ച സി ആര് പി എഫ് ജവാന്മാര്ക്ക് ആദരമര്‍പ്പിച്ച് പ്രമുഖ നേതാക്കൾ. സൈനികരുടെ അസാധാരണമായ ധൈര്യവും, ത്യാഗവും രാജ്യം ഒരിക്കലും മറക്കില്ലെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.
‘2019-ലെ പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരന്മാരായ ജവാന്മാര്ക്ക് മുന്നില്‍ ഞാന്‍ ശിരസ് നമിക്കുന്നു. അവരുടെ അസാധാരണമായ ധൈര്യവും, ത്യാഗവും ഇന്ത്യ ഒരിക്കലും മറക്കില്ല,’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
സൈനികരുടെ സേവനവും ത്യാഗവും രാജ്യം മറക്കില്ലെന്നും, അവരുടെ കുടുംബങ്ങള്‍ക്കൊപ്പം എപ്പോഴുമുണ്ടാകുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു.
ധീരരായ സൈനികര്‍ക്ക് ആദരമര്‍പ്പിക്കുന്നുവെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
2019 ഫെബ്രുവരി 14 ന് ഉച്ചകഴിഞ്ഞാണ് പുല്‍വാമയില്‍ ഭീകരാക്രമണം നടന്നത്. പാക്കിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ ചാവേര്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം സി ആര് പി എഫ് ജവാന്മാര് സഞ്ചരിച്ച വാഹനത്തിലേക്ക് ഇടിക്കുകയായിരുന്നു. 40 ജവാന്മാരാണ് അന്ന് വീരമൃത്യു വരിച്ചത്. ഫെബ്രുവരി 26-ന് പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ഭീകരതാവളങ്ങളില്‍ വ്യോമാക്രമണം നടത്തിക്കൊണ്ടായിരുന്നു ഇന്ത്യ ഇതിന് തിരിച്ചടി നല്‍കിയത്.
Discussion about this post