ഡല്‍ഹി : ഹിന്ദിയാണ് രാജ്യത്തെ എല്ലാ ഭാഗങ്ങളേയും ബന്ധിപ്പിക്കുന്ന ഭാഷയെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. അതുകൊണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ ഫയലുകളില്‍ ഹിന്ദിയില്‍ ഒപ്പിടണമെന്ന് രാജ്നാഥ് സിങ് ആവശ്യപ്പെട്ടു. ഹിന്ദി ദിവസിനോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ജീവനക്കാരോട് ഹിന്ദിയില്‍ ഒപ്പിടാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചത്.
ഹിന്ദിക്ക് അര്‍ഹമായ ബഹുമാനം ലഭിക്കുന്നില്ല. ബുദ്ധിജീവികളെന്ന് അവകാശപ്പെടുന്ന ചിലര്‍ ഇപ്പോഴും ഇംഗ്ലീഷിന് പ്രചാരം നല്‍കാനാണ് ശ്രമിക്കുന്നത്. ഹിന്ദി നമ്മുടെ ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യം ആദ്യം ഉയര്‍ന്നുവന്നത് ഹിന്ദി സംസാരിക്കാത്ത ബാല ഗംഗാധര തിലകനെ പോലുള്ള നേതാക്കളില്‍ നിന്നാണെന്നും അദ്ദേഹം സ്മരിച്ചു.
സംസ്കൃതം കഴിഞ്ഞാല്‍ തമിഴാണ് പുരാതന ഭാഷയായി കണക്കാക്കുന്നത്. എന്നാല്‍ ഹിന്ദിയാണ് രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്നത്. അതിനാല്‍ ഹിന്ദിയെ ഇന്ത്യന്‍ ഭാഷകളുടെ മൂത്ത സഹോദരിയായി കണക്കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക ഭാഷാപട്ടികയില്‍ ഹിന്ദിയേയും ഉള്‍പ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങള്‍ ഇന്ത്യ നടത്തിവരുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. ശാസ്ത്ര സാങ്കേതിക മേഖലയില്‍ എല്ലാവരുടേയും പങ്കാളിത്തം ഉറപ്പാക്കാന്‍ ഹിന്ദിയുടെ ഉപയോഗം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post