ബംഗളൂരു: ഐപിഎല്‍ താരലേലത്തില്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലിനും ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനും വീണ്ടും പൊന്നും വില. 14.25 കോടി രൂപയ്ക്ക് ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് മാക്സ്വെല്ലിനെ ടീമിലെത്തിച്ചു. ചെന്നൈ സൂപ്പര്‍ കിംഗ്സും ശക്തമായി മാക്സ്വെല്ലിനായി രംഗത്തുണ്ടായിരുന്നു.
16.25 കോടി രൂപ ലഭിച്ച ക്രിസ് മോറിസ് ഐപിഎല്‍ താരലേല ചരിത്രത്തില്‍ ഏറ്റവും അധികം തുക നേടിയ കളിക്കാരനായി. 16 കോടി രൂപയ്ക്ക് ലേലത്തില്‍ പോയ യുവരാജ് സിംഗിന്റെ റിക്കോര്‍ഡാണ് പഴങ്കഥയായത്. മോറിസിനായി പഞ്ചാബും രാജസ്ഥാനും മത്സരിച്ച് വിളിച്ചതോടെയാണ് താരത്തിന്റെ വില കുത്തനെ ഉയര്‍ന്നത്. ഒടുവില്‍ റിക്കോര്‍ഡ് വിലയ്ക്ക് രാജസ്ഥാന് മോറിസിനെ സ്വന്തമാക്കുകയായിരുന്നു.
ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മൊയില് അലിയെ ഏഴ് കോടിക്ക് ടീമിലെത്തിച്ച ചെന്നൈയുടെ നീക്കം അപ്രതീക്ഷിതമായിരുന്നു. പഞ്ചാബ് കിംഗ്സും താരത്തിനായി ശക്തമായി ലേലത്തില്‍ പങ്കെടുത്തു. രാജസ്ഥാന് ഒഴിവാക്കിയ ഓസീസ് മുന്‍ നായകന് സ്റ്റീവ് സ്മിത്തിനെ 2.20 കോടിക്ക് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിലെത്തിച്ചു.
ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ സാക്കിബ് അല്‍ ഹസനെ 3.20 കോടിക്ക് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്ക് 4.40 കോടി നല്കി രാജസ്ഥാനും ടീമിലെത്തിച്ചു. 1.50 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ഇംഗ്ലീഷ് ബാറ്റ്സ്മാന് ഡേവിഡ് മലന് അതേവിലയ്ക്ക് പഞ്ചാബ് കിംഗ്സിന്റെ ഭാഗമായി.
കരുണ്‍ നായര്‍, അലക്സ് ഹെയില്‍സ്, ആരോണ്‍ ഫിഞ്ച്, എവിന്‍ ലൂയിസ്, ഹനുമ വിഹാരി, ജസണ്‍ റോയ് എന്നിവരെയൊന്നും ആദ്യ റൗണ്ടില്‍ ലേലത്തില്‍ പോയില്ല. മലയാളി താരങ്ങള്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ കളിക്കാരുടെ ലേലം പുരോഗമിക്കുകയാണ്.
Discussion about this post