കേരളത്തെ ഇസ്ലാമിക രാജ്യമാക്കാനുള്ള ഗൂഢാലോചനയാണ് ലവ് ജിഹാദെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാത്ര കാസര്‍ഗോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ലവ് ജിഹാദിനെതിരേ നിയമമില്ല. എന്നാല്‍ യു.പിയില്‍ ഞങ്ങള്‍ ഇതിനായി ശക്തമായ നിയമം നിര്‍മിച്ചു. ലവ് ജിഹാദ് ഉണ്ടെന്ന് കോടതിയാണ് പറഞ്ഞത്. എന്നിട്ടും ഇവിടത്തെ സര്‍ക്കാറുകള്‍ ഉറങ്ങുകയായിരുന്നു. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാറുകള്‍ക്ക് യാതൊരു ചിന്തയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിനും രാജ്യത്തിനും അപകടകരമായ കാര്യങ്ങളില്‍ ഇവിടത്തെ പരമ്പരാഗത സര്‍ക്കാറുകള്‍ മൗനം പാലിക്കുകയാണ്. അതിനാല്‍ ഇവിടെ ബി.ജെ.പിയുടെ ഭരണം വരണം. ബി.ജെ.പി നിങ്ങള്‍ക്ക് സുരക്ഷയും സമാധനവും നല്‍കും. ശബരലമലയുടെ കാര്യത്തില്‍ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. കേരളത്തില്‍ മാറിമാറിവരുന്ന സര്‍ക്കാറുകള്‍ ജനനന്മക്കായി ഒന്നും ചെയ്തിട്ടില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
മാര്‍ച്ച് ഏഴിന് വൈകീട്ട് അഞ്ചിനാണ് വിജയയാത്രയുടെ സമാപന സമ്മേളനം. കണ്ണൂരില്‍ കേന്ദ്രമന്ത്രി വി.കെ. സിങ്, കോഴിക്കോട്ട് ദേവേന്ദ്ര ഫഡ്നാവിസ്, മലപ്പുറത്ത് ഷാനവാസ് ഹുസൈന്, തൃശൂരില്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, എറണാകുളത്ത് ധനമന്ത്രി നിര്‍മല സീതാരാമന്, കോട്ടയത്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ആലപ്പുഴയില്‍ യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ, പത്തനംതിട്ടയില്‍ ബി.ജെ.പി അഖിലേന്ത്യ സെക്രട്ടറി മീനാക്ഷി ലേഖി, പാലക്കാട്ട് നടി ഖുശ്ബു സുന്ദര്‍ എന്നിവര്‍ പങ്കെടുക്കും.
നേരത്തേ യോഗി ആദിത്യനാഥ് മലയാളത്തില്‍ ട്വീറ്റും ചെയ്തിരുന്നു. ‘കേരളത്തിന് എന്റെ നമസ്കാരം .ശങ്കരാചാര്യന്റെയും ശ്രീനാരായണ ഗുരുവിന്റെയും പുണ്യഭൂമിയില്‍ വീണ്ടും എത്താനുള്ള സൗഭാഗ്യം എനിക്ക് ലഭിച്ചിരിക്കുകയാണ്. ഇന്ന് ആരംഭിക്കുന്ന ബി.ജെ.പി വിജയയാത്രയില്‍ ഞാന്‍ നിങ്ങളോടൊപ്പം പങ്കുചേരുന്നു. ജയ് ശ്രീരാം’ -യോഗി ട്വീറ്റില്‍ പറഞ്ഞു.
Discussion about this post