ഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിന്റെ ഡല്‍ഹി ഷഹീന്‍ബാഗ് മേഖലയിലെ ഓഫീസില്‍ റെയ്ഡ് നടത്തി ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് (എസ്.ടി.എഫ്). പരിശോധനയില്‍ ലഘുലേഖകള്‍, സി.ഡികള്‍, ഡി.വി.ഡികള്‍, പെന്‍ ഡ്രൈവുകള്‍, പോസ്റ്ററുകള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു.
2020 ഒക്ടോബറില്‍ മഥുരയില്‍ നിന്ന് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) അംഗങ്ങള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തലസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെയും ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും കേന്ദ്രങ്ങളില്‍ ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് റെയ്ഡ് നടത്തിയത്. ഹൈന്ദവ സംഘടനകളില്‍ പ്രധാനപ്പെട്ട പദവികള്‍ വഹിക്കുന്നവരെ ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ പി.എഫ്.ഐയുമായി ബന്ധമുള്ള രണ്ടുപേരെ അറസ്റ്റ് ചെയ്തതിനു ശേഷമായിരുന്നു ഇത്.
ഇവരില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍, ഡിറ്റണേറ്ററുകള്‍, ആയുധങ്ങള്‍, കുറ്റകരമായ രേഖകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. ഹിന്ദു സംഘടനകളില്‍ പ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്നവരെ ലക്ഷ്യമിട്ട് ഇവര്‍ സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ഉത്തര്‍പ്രദേശ് എ.ഡി.ജി. പ്രശാന്ത് കുമാര്‍ പറഞ്ഞു.
പിടിക്കപ്പെട്ട കേരളത്തില്‍ നിന്നുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അന്‍സാദ് ബദ്രുദ്ദീന്‍, ഫിറോസ് ഖാന് എന്നിവര്‍ തങ്ങളുടെ ശൃംഖല വിപുലീകരിക്കാന്‍ ശ്രമിച്ചതായി പൊലീസ് പറയുന്നു. ‘ഫെബ്രുവരി 11ന് അവര്‍ ട്രെയിനില്‍ വരുമെന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു. എന്നാല്‍, തിരച്ചില്‍ നടത്തിയപ്പോള്‍ അവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍, ഇന്ന് കുക്രെയില്‍ പിക്നിക് സ്പോട്ടില്‍ അവര്‍ കണ്ടുമുട്ടുമെന്ന് മറ്റൊരു വിവരം ലഭിച്ചു. അവിടെ വച്ച് അവരെ പിടികൂടുകയായിരുന്നു’ വെന്നും പ്രശാന്ത് കുമാര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഹിന്ദു സംഘടനകളുടെ പരിപാടികളില്‍ വസന്ത് പഞ്ചമി ദിനത്തില്‍ ബോംബ് സ്ഫോടനം നടത്തി ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിവിധ ആളുകളെ കൊല്ലുക എന്നിവയായിരുന്നു അവരുടെ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post