ഡല്‍ഹി: തദ്ദേശീയമായി നിര്‍മ്മിച്ച മെയിന്‍ ബാറ്റില്‍ ടാങ്കായ അര്ജുന് മാര്‍ക്ക് 1- എ ടാങ്കുകള്‍ സ്വന്തമാക്കാന്‍ കരസേനയ്ക്ക് അനുമതി നല്കി കേന്ദ്ര പ്രതിരോധ മന്ത്രാലയം. ആറായിരം കോടി രൂപയൂടെ ടാങ്കുകള്‍ സ്വന്തമാക്കാനുള്ള അനുമതിയാണ് കരസേനയ്ക്ക് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച ചെന്നൈയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി അര്ജുന് മാര്‍ക്ക് 1- എ ടാങ്കുകള്‍ കരസേനയ്ക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ ടാങ്കുകള്‍ സ്വന്തമാക്കാനുള്ള നിര്‍ദ്ദേശം കരസേന പ്രതിരോധ മന്ത്രാലയത്തിന് സമര്‍പ്പിച്ചത്.
ടാങ്കുകള്‍ക്കായി സമര്‍പ്പിച്ച നിര്‍ദ്ദേശം വിലയിരുത്താന്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും കരസേന മേധാവി മേജര്‍ ജനറല്‍ എം.എം നരവനെയുടെയും സാന്നിദ്ധ്യത്തില്‍ ഡിഫന്‍സ് അക്വസിഷന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തിലാണ് നിര്‍ദ്ദേശം മന്ത്രാലയം അംഗീകരിച്ചത്. ഇതോടെ ടാങ്കുകള്‍ വേഗത്തില്‍ സ്വന്തമാക്കാനുള്ള നടപടികള്‍ കരസേന ആരംഭിച്ചു.
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയാണ് മികച്ച പ്രഹര ശേഷിയുള്ള അര്ജുന് മാര്‍ക്ക്-1 ടാങ്കുകള്‍ നിര്‍മ്മിച്ചത്.