മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ബിഗ് ബജറ്റ് ചിത്രം മരക്കാർ-അറബിക്കടലിന്റെ സിംഹവും ഫഹദ് ഫാസിൽ നായകനായെത്തുന്ന ബിഗ്ബജറ്റ് ചിത്രം മാലികും ഒരുമിച്ച് തിയേറ്ററിലെത്തുന്നു. മെയ് 13ന് ആണ് ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
അതിഗംഭീര മേക്കോവറിലാണ് മാലികിൽ ഫഹദ് എത്തുന്നത്. ഒരാളുടെ പല കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. യുവാവായും അൻപത്തിയഞ്ചുകാരൻ സുലൈമാൻ മാലികായും ചിത്രത്തിൽ ഫഹദ് എത്തുന്നു.
ടേക് ഓഫ്, സി യൂ സൂൺ എന്നീ സിനിമകളുടെ സംവിധായകൻ മഹേഷ് നാരായണന്റെ മൂന്നാമത്തെ ചിത്രമാണ് മാലിക്.
സിനിമയുടെ രചനയും സംവിധാനവും എഡിറ്റും മഹേഷ് നാരായണനാണ് നിർവഹിച്ചിരിക്കുന്നത്. ഫഹദ് ഫാസിൽ, നിമിഷ സജയൻ, ജോജു ജോർജ്, മാല പാർവതി, ദിലീഷ് പോത്തൻ തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിൽ ഉള്ളത്.
മുപ്പത് കോടി രൂപ മുതൽമുടക്കിൽ ആന്റോജോസഫ് ഫിലിം കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. ഫഹദിന്റെ കരിയറിലെ ഏറ്റവും ഉയർന്ന മുതൽമുടക്കിലൊരുങ്ങുന്ന ചിത്രമാണ് ഇത്. ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്ന ലീ വിറ്റേക്കറാണ് മാലികിന്റെ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്. സുഷിൻ ശ്യാംമിന്റേതാണ് സംഗീതം. സാനു വർഗീസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.
Discussion about this post