ഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്സിനുകള്‍ പാക്കിസ്ഥാനിലേക്കും വിതരണത്തിനെത്തിക്കും. ലോകമെമ്പാടുമായി കോവിഡ് വാക്സിന് വിതരണത്തിന്റെ ഏകോപനത്തിനായി സൃഷ്ടിച്ച കോവാക്സ് സംവിധാനം വഴിയായിരിക്കും ഇത്.
എന്നാല്‍ വാക്സിന് വിതരണം എന്ന് ആരംഭിക്കുമെന്ന കാര്യത്തില്‍ ഇനിയും സ്ഥിരീകരണമായിട്ടില്ല. വാക്സിന് വിതരണവുമായി ബന്ധപ്പെട്ട അംഗീകരാങ്ങളും മറ്റും ലഭിക്കുന്നതിന് ഇനിയും സമയമെടുക്കുമെന്നാണ് കരുതുന്നതെന്ന് സ്രോതസുകള്‍ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്ന് തന്നെ നേരിട്ടായിരിക്കും പാക്കിസ്ഥാനിലേക്ക് വാക്സിനെത്തിക്കുകയെന്നും സ്രോതസ് വ്യക്തമാക്കി.
ജനുവരിയില്‍ ഓക്സ്ഫേര്‍ഡ്-ആസ്ട്രസെനിക്ക വാക്സിനായ കോവിഷീള്ഡിന് പാക്കിസ്ഥാനില്‍ അടിയന്തര ഉപയോഗ അനുമതി ലഭിച്ചിരുന്നു. ഡ്രഗ്സ് റെഗുലേറ്ററി അതോറിറ്റി ഓഫ് പാക്കിസ്ഥാനാണ് ഇത് സംബന്ധിച്ച അനുമതി നല്‍കേണ്ടത്. പാക്കിസ്ഥാനില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച ആദ്യ വാക്സിനും കോവിഷീള്‍ഡ് തന്നെയാണ്.
മൂന്ന് വിഭാഗങ്ങളിലായി 65 രാജ്യങ്ങളിലാണ് ഇന്ത്യ കോവിഡ് വാക്സിന് ഇതുവരെ വിതരണം ചെയ്യുന്നത്. കോവാക്സിന് വിതരണത്തിനായുള്ള കോവാക്സ് സംവിധാനം വഴിയും സൗജന്യമായും വാണിജ്യ അടിസ്ഥാനത്തിലുമാണ് ഇത്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 579.19 ലക്ഷം ഡോസുകളാണ് മൂന്ന് വിഭാഗങ്ങളിലുമായി വിവിധ രാജ്യങ്ങള്‍ക്ക് വിതരണം ചെയ്തത്.
കോവാക്സ് സംവിധാനത്തിലൂടെ 163 ലക്ഷം ഡോസ് വാക്സിന് ഇന്ത്യയില്‍ നിന്ന് പുറത്തുപോയപ്പോള്‍ 77 ലക്ഷം സൗജന്യമായും 338 ലക്ഷം വില്‍പ്പനയിലൂടെയുമാണ് ഇന്ത്യ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കിയത്. ഏറ്റവും കൂടുതല്‍ ഡോസ് വാക്സിന് സ്വീകരിച്ച രാജ്യം ബംഗ്ലാദേശാണ്. ഇതുവരെ 90 ലക്ഷം ഡോസ് അയല്‍രാജ്യമായ ബംഗ്ലാദേശിന് ഇന്ത്യ നല്കി.
കഴിഞ്ഞ ഏപ്രിലിലാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ വാക്സിനുകള്‍ക്കും രോഗപ്രതിരോധത്തിനും വേണ്ടിയുള്ള ആഗോള കൂട്ടായ്മയായ കോവാക്സ് രൂപപ്പെടുന്നത്. ഇതുവഴിയാണ് പാക്കിസ്ഥാനിലേക്ക് ഇപ്പോള്‍ ഇന്ത്യയില്‍ നിന്ന് വാക്സിന് എത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നതും. 190 രാജ്യങ്ങളിലായി വരുന്ന ലോകജനസംഖ്യയുടെ 20 ശതമാനം ആളുകളിലേക്ക് സൗജന്യമായി വാക്സിന് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്. പാക്കിസ്ഥാനും ഇതിന്റെ ഭാഗമാണ്.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വ്യാപര കരാര്‍ 2019 മുതല്‍ തടസപ്പെട്ടിരിക്കുകയാണെങ്കിലും ജീവന് രക്ഷ മരുന്നുകളുടെ കാര്യത്തില്‍ ഇത് ബാധിക്കില്ലെന്നാണ് ഇന്ത്യന്‍ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വാക്സിന് പാക്കിസ്ഥാനിലേക്ക് എത്തിക്കാനും ഇന്ത്യ ഒരുങ്ങുന്നത്. 2019ല്‍ ഉണ്ടായ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ-പാക്കിസ്ഥാന് ബന്ധം വളരെ മോശമായിരുന്നു. എന്നാല്‍ കോവിഡ് പോലൊരു മഹമാരിയെ ലോകം ഒറ്റക്കെട്ടായി നേരിടുന്നതിന്റെ സാഹചര്യത്തില്‍ വാക്സിന് എത്തിക്കാനാണ് ഇന്ത്യയുടെ തീരുമാനം.
Discussion about this post