കൊല്‍ക്കത്ത: വാര്‍ത്താസമ്മേളനത്തിനിടെ പരസ്യമായി വനിതാ എം എല്‍ എയുടെ കവിളില്‍ നുള്ളിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കല്യാണ്‍ ബാനര്‍ജിയ്ക്കെതിരെ വിമര്‍ശനം. കല്യാണ്‍ ബാനര്‍ജിക്കെതിരെ ബിജെപി ലോക്സഭാ എംപി ലോക്കറ്റ് ചാറ്റര്‍ജി രംഗത്ത് വന്നതോടെ സംഭവം വിവാദമായിരിക്കുകയാണ്. ഒരു വാര്‍ത്താസമ്മേളനത്തിനിടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് തൃണമൂല്‍ വനിതാ എംപിയുടെ കവിളില്‍ നുള്ളിയത്. സംഭവത്തിന്റെ വീഡിയോ ഉള്‍പ്പെടെ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ലോക്കറ്റ് ചാറ്റര്‍ജിയുടെ വിമര്‍ശനം.
‘ഇങ്ങനെയാണോ തൃണമൂല്‍ കോണ്‍ഗ്രസ് സ്ത്രീകളെ ശാക്തീകരിക്കുന്നത്’ എന്നായിരുന്നു വീഡിയോ പങ്കുവെച്ചു കൊണ്ട് ലോക്കറ്റ് ചാറ്റര്‍ജി ചോദിച്ചത്. ‘ഇത് തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയാണ്. ആ കാണുന്ന സ്ത്രീ ഇത്തവണ സീറ്റ് കിട്ടാത്തതിന് പിണങ്ങിയ ബാങ്കുര എംഎല്‍എയും.’ ഇത് നാണക്കേടാണ് എന്നും ലോക്കറ്റ് ചാറ്റര്‍ജി കൂട്ടിച്ചേര്‍ത്തു. സംഭവത്തിന്റെ വീഡിയോ വൈറലായെങ്കിലും പിന്നിലെ സത്യാവസ്ഥ എന്തെന്ന് വ്യക്തമല്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ ഇത്തവണ ചിത്രത്തില്‍ കാണാത്ത വിധമാക്കുമെന്നാണ് ബിജെപി പറയുന്നത്. അന്‍പതോളം വനിതാ സ്ഥാനാര്‍ഥികളാണ് ഇത്തവണ തൃണമൂലിനു വേണ്ടി മത്സരിക്കുന്നത്. മമത ബാനര്‍ജിയുടെ കാലത്താണ് ബംഗാളില്‍ ഏറ്റവും അധികം സ്ത്രീകള്‍ ആക്രമിക്കപ്പെട്ടതെന്ന ആരോപണവും ബിജെപി ഉയര്‍ത്തുന്നുണ്ട്. മമത ബാനര്‍ജി ഭരിച്ച കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വലിയ വര്‍ധനവുണ്ടായെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
Discussion about this post