കൊച്ചി: ഭൂപരിഷ്കരണ ചട്ടം ലംഘിച്ചതിന് പി.വി. അന്‍വര്‍ എംഎല്‍എയ്ക്കെതിരെ നടപടി എടുക്കാത്തത് എന്തു കൊണ്ടെന്ന് ഹൈക്കോടതി. പി.വി. അന്‍വറിനെതിരെ കേസെടുക്കാന്‍ ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടിരുന്നു. മൂന്നു വര്‍ഷമായിട്ടും ഉത്തരവ് നടപ്പാക്കാത്തതില്‍ വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. വിഷയത്തില്‍ ഒരാഴ്ചയ്ക്കകം വിശദീകരണം നല്കാന് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്കും കോഴിക്കോട് കളക്ടര്‍ക്കും കോടതി നിര്‍ദേശം നല്കി. പി.വി അന്‍വര്‍ എംഎല്‍എക്ക് പ്രത്യേക ദൂതന്‍വഴി നോട്ടീസ് നല്‍കാനും ഉത്തരവിട്ടു. ജസ്റ്റീസ് അനില്‍ നരേന്ദ്രന്റെതാണ് ഉത്തരവ്.
2017 ലാണ് പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വച്ചുവെന്ന് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തുകയും സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടുന്നതും. ഭൂപരിഷ്കരണ നിയമം അനുസരിച്ച് 15 ഏക്കറാണ് ഒരു വ്യക്തിക്കോ കുടുംബത്തിനോ കൈവശം വെയ്ക്കാവുന്ന പരമാവധി ഭൂമി. എന്നാല്‍ 207 ഏക്കര്‍ ഭൂമി തന്റെ കൈവശമുണ്ടെന്ന് പിവി അന്‍വര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ തന്നെയുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് അനധികൃത ഭൂമി തിരിച്ചുപിടിക്കാനുള്ള നിര്‍ദേശം താലൂക്ക് ലാന്‍ഡ് ബോര്‍ഡിന് നല്‍കിയിട്ട് വര്‍ഷം മൂന്ന് കഴിഞ്ഞു. ഇരുനൂറ് ഏക്കറില്‍ ഒരു സെന്റ് ഭൂമി പോലും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല.
Discussion about this post