രാജ്യത്ത് നിര്‍മിച്ചതും വികസിപ്പിച്ചെടുത്തതുമായ വാക്സീനുകള്‍ ഇന്ത്യ 71 രാജ്യങ്ങള്‍ക്ക് നല്കി സഹായിച്ചെന്ന് റിപ്പോര്‍ട്ട്. 71 ഓളം രാജ്യങ്ങളിലേക്ക് ഇന്ത്യ 5.86 കോടി ഡോസ് മെയ്ഡ് ഇന്‍ ഇന്ത്യ കോവിഡ് വാക്സീനുകള്‍ വിതരണം ചെയ്തുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാക്കിസ്ഥാനും ഇറാനും ഇന്ത്യന്‍ നിര്‍മിത വാക്സീനുകള്‍ നല്‍കിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭ രൂപംകൊടുത്ത രാജ്യാന്തര കോവാക്സ് കൂട്ടായ്മയില്‍ പാകിസ്ഥാനെയും ഇറാനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കൂട്ടായ്മയ്ക്കു കീഴിലാണ് ഇന്ത്യന്‍ വാക്സീന് പാക്കിസ്ഥാനു കൈമാറുന്നത്.
70 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സീന് പാക്കിസ്ഥാനു നല്‍കുമെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. കോവിഡ് വാക്സീനുകള്‍ എല്ലാ രാജ്യങ്ങള്‍ക്കും തുല്യമായി ലഭ്യമാക്കുന്നത് ഉറപ്പാക്കാന്‍ ലോകത്തെ മൂന്നില്‍ രണ്ട് രാജ്യങ്ങളും ഒരുമിച്ച് തുടങ്ങിയ ആഗോള സഹകരണമാണ് കോവാക്സ്.
ഇതില്‍ 37 രാജ്യങ്ങള്‍ക്ക് 81 ലക്ഷത്തിലധികം ഡോസുകള്‍ സൗജന്യമായാണ് നല്‍കിയത്. 1 കോടി 65 ലക്ഷം ഡോസുകള്‍ 31 ഓളം രാജ്യങ്ങളിലേക്ക് യുഎന്നിന്റെ കോവാക്സ് പദ്ധതി വഴിയാണ് വിതരണം ചെയ്തത്.
ബംഗ്ലാദേശ്, മ്യാന്മര്, നേപ്പാള്‍, ഭൂട്ടാന്, മാലിദ്വീപ്, മൗറീഷ്യസ്, ശ്രീലങ്ക, സീഷെല്‍സ്, ബഹ്റൈന്‍, ഒമാന്‍, അഫ്ഗാനിസ്ഥാന് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് ‘വാക്സിന് മൈത്രി’ വഴി സൗജന്യമായി ഇന്ത്യ വാക്സീനുകള്‍ നല്‍കിയത്. വാണിജ്യാടിസ്ഥാനത്തില്‍ 24 രാജ്യങ്ങളിലേക്ക് 3 കോടി 39 ലക്ഷത്തിലധികം വാക്സീന് ഡോസുകളും അയച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യന്‍ നിര്‍മിത വാക്സീനുകള്‍ വിതരണം ചെയ്യണമെന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അഭ്യര്ഥനയെത്തുടര്ന്നാണ് ഗ്രാന്റ് എയ്ഡിന് കീഴില്‍ ഭൂട്ടാന്, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്മര്, സീഷെല്‍സ് എന്നിവിടങ്ങളിലേക്ക് ജനുവരി 20ന് സര്‍ക്കാര്‍ കോവിഡ് വാക്സീന് വിതരണം ആരംഭിച്ചത്.
Discussion about this post