പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് പൂനെയില്‍. ഉച്ചയ്ക്ക് 1.30 നാണ് മത്സരം ആരംഭിക്കുക. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് സ്റ്റേഡിയത്തിലേക്ക് കാണികളെ അനുവദിക്കില്ല.
ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യയ്ക്ക് ഏകദിന പരമ്പര സ്വന്തമാക്കാം. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇപ്പോള്‍ 1-0 എന്ന നിലയിലാണ്. ആദ്യ ഏകദിനത്തില്‍ 66 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. നേരത്തെ ടെസ്റ്റ്, ടി 20 പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ആദ്യ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ നായകന് ഓയിന്‍ മോര്ഗന് പരുക്കേറ്റ് പുറത്തായത് ഇംഗ്ലണ്ടിന് തിരിച്ചടിയാണ്. ആദ്യ ഏകദിനത്തില്‍ കെെയ്ക്ക് പരുക്കേറ്റതിനെ തുടര്‍ന്നാണ് മോര്ഗന് അടുത്ത രണ്ട് മത്സരങ്ങള്‍ നഷ്ടമാകുന്നത്. മോര്‍ഗന്റെ അഭാവത്തില്‍ ജോസ് ബട്ലര് ഇംഗ്ലണ്ടിനെ നയിക്കും.
ശ്രേയസ് അയ്യര്‍ പരുക്കേറ്റ് പുറത്തായത് ഇന്ത്യയ്ക്കും തലവേദനയാണ്. ആദ്യ ഏകദിനത്തില്‍ ഷോല്‍ഡറില്‍ പരുക്കേറ്റ ശ്രേയസ് അയ്യര്‍ ഇനിയുള്ള രണ്ട് മത്സരങ്ങളിലും കളിക്കില്ല. ശ്രേയസിന് ആറ് ആഴ്ചയോളം വിശ്രമം വേണ്ടിവരും. ഐപിഎല്ലിലെ ആദ്യ ചില മത്സരങ്ങളും ശ്രേയസ് അയ്യര്‍ക്ക് നഷ്ടമാകും.
രോഹിത് ശര്‍മയും ശിഖര്‍ ധവാനും തന്നെയായിരിക്കും ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ശ്രേയസ് അയ്യര്‍ക്ക് പകരം സൂര്യകുമാര്‍ യാദവ് ടീമിലെത്തിയേക്കും. റിഷഭ് പന്ത് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്റെ റോളിലേക്ക് മടങ്ങിയെത്തുകയാണെങ്കില്‍ സൂര്യകുമാറിന് ഇത്തവണ അവസരം ലഭിക്കില്ല. ആദ്യ ഏകദിനത്തില്‍ കെ.എല്‍.രാഹുല്‍ ആയിരുന്നു വിക്കറ്റ് കീപ്പര്‍. പന്തിന് വിശ്രമം അനുവദിച്ചിരിക്കുകയായിരുന്നു.
Discussion about this post