മുംബൈ: ഡി-മാർട്ട് സൂപ്പർ മാർട്ട് ഉടമ രാധാകിഷൻ ദമാനിയും സഹോദരൻ ഗോപീകിഷൻ ദമാനിയും ദക്ഷിണ മുംബൈയിലെ മധുകുഞ്ജ് ബംഗ്ലാവ് 1001 കോടി രൂപയ്ക്ക് വാങ്ങി . മലബാർ ഹില്ലിൽ നാരായൺ ദാബോൽകർ റോഡിനടുത്ത് 1.5 ഏക്കറിലുള്ള മധുകുഞ്ജ് എന്ന ഇരുനില ബംഗ്ലാവാണു ദമാനി സഹോദരന്മാർ മോഹവിലയ്ക്ക് സ്വന്തമാക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഇടപാട് ആയി വിശേഷിക്കപ്പെടുന്നതാണ് കഴിഞ്ഞ ദിവസം മുംബെെയിൽ നടന്നത്. 1001 കോടി രൂപയ്ക്കാണ് ദക്ഷിണ മുംബെെയിലെ ഇരുനില ബംഗ്ലാവ് വിൽപന നടത്തിയത്. 30 കോടി രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടിയ്ക്കായി അടച്ചത്
പരമ്പരാഗത വ്യാപാരികളായ പ്രേചന്ദ് റോയ്ചന്ദ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ബംഗ്ലാവ്. ഈ കുടുംബത്തിന്റെ പൂർവികരാണ് 19ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വെനീഷ്യൻ ഗോഥിക് സ്റ്റെെലിൽ ഫോർട്ടിൽ രാജാബായി ക്ലോക്ക് ടവർ നിർമ്മിച്ചത്. ആർട്ട് ഡെക്കോ സ്റ്റെെലിലാണ് ഈ ബംഗ്ലാവ് പണിതിരിക്കുന്നത്. ഈ ബംഗ്ലാവിന് 90 വർഷം പഴക്കമുണ്ട്. 60,000 ചതുരശ്ര അടിയാണ് ബിൽറ്റ് അപ് ഏരിയ. ഓപ്പൺ ടെറസും വലിയ കോംപൗണ്ടും ഈ ബംഗ്ലാവിനുണ്ട്.
നാരായൺ ദാബോൽക്കർ റോഡിന്റെ ഒരു മൂലയ്ക്കാണ് ഈ ബംഗ്ലാവിന്റെ സ്ഥാനം. മുകേഷ് അംബാനി ഉൾപ്പടെ ഏറ്റവും ധനികർ താമസിക്കുന്ന സ്ഥലമാണ് മലബാർ ഹിൽ. ഇവിടങ്ങളിൽ ഒരു സ്ക്വയർ ഫീറ്റിന് എൺപതിനായിരവും അതിൽ കൂടുതലുമൊക്കെയാണ് വില. അതും അപ്പാർട്ട്മെന്റിന് അനുസരിച്ച്. ഒരു ഏക്കറിന് 400 കോടിയിൽ ഏറെ വില വരുന്ന സ്ഥലമാണിത്. മുൻകാലത്ത് ഇത്തരത്തിൽ വലിയ വിലകൊടുത്ത് ഈ ഭാഗത്ത് ബംഗ്ലാവ് വാങ്ങിയവർ പിന്നീട് അത് പൊളിച്ചു പണിയുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇപ്പോൾ വാങ്ങിയവരുടെ ഭാവി പദ്ധതികൾ എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
Discussion about this post