കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ സഹോദരിമാരെയും പെണ്മക്കളെയും രക്ഷിക്കുന്നതിനായി ആന്റി റോമിയോ സ്ക്വാഡുകളെ ഉറപ്പായും നിയോഗിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പശ്ചിമ ബംഗാളിലെ ഹൂഗ്ലിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാഡ് രൂപീകരിക്കുന്നതോടെ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന എല്ലാ തൃണമൂല്‍ കോണ്‍ഗ്രസ് ശല്യക്കാരെയും അഴിയെണ്ണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു പിയില്‍ 2017-ല്‍ അധികാരത്തില്‍ വന്നയുടന്‍ യോഗി ആദിത്യനാഥ് നടപ്പിലാക്കിയ പൊലീസ് വിഭാഗമാണ് ആന്റി റോമിയോ സ്ക്വാഡ്. രണ്ട് അംഗങ്ങള്‍ വീതമുള്ള ഈ വിഭാഗം ഓരോ പൊലീസ് സ്റ്റേഷനിലും മൂന്ന് യൂണിറ്റെങ്കിലും ഉണ്ടാവും. സ്കൂള്‍ കോളേജ് പരിസരങ്ങളിലും നിരത്തുകളിലം പെണ്‍കുട്ടികളെയും സ്ത്രീകളെയും ശല്യം ചെയ്യുന്ന ആളുകളെ കണ്ടെത്തി ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കുക എന്നതാണ് ഈ സ്ക്വാഡിന്റെ ജോലി. സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്ന ഈ വിഭാഗത്തില്‍ വനിത പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. യൂണിഫോമിലും മഫ്തിയിലും അവര്‍ ഡ്യൂട്ടിയില്‍ ഏര്‍പ്പെടാറുണ്ട്.
മെയ് രണ്ടിന് ശേഷം ദിദി ‘ജയ് ശ്രീ റാം’ എന്ന് പറയാന്‍ തുടങ്ങുമെന്ന് കൃഷ്ണരാംപൂരില് പരിപാടിയില്‍ പങ്കെടുക്കവേ അദ്ദേഹം പറഞ്ഞു. ജയ് ശ്രീ രാമന്റെ മുദ്രാവാക്യങ്ങള്‍ കേള്‍ക്കുമ്പോഴെല്ലാം എന്തിനാണ് പ്രകോപിതനാകുന്നത് എന്ന് യോഗി മുന്‍പ് ചോദിച്ചിരുന്നു. ബംഗാളില്‍ നടന്ന സിഎഎ വിരുദ്ധ പ്രതിഷേധങ്ങളില്‍ അക്രമികളെ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് എട്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്, അതില്‍ ആദ്യത്തെ മൂന്ന് ഘട്ടം കഴിഞ്ഞിരുന്നു. 294 അംഗ സംസ്ഥാന നിയമസഭയുടെ ഫലം മെയ് രണ്ടിന് പ്രഖ്യാപിക്കും.
Discussion about this post