ഡല്‍ഹി: റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിന് ആയ സ്പുട്നിക് 5 രാജ്യത്ത് ഉപയോഗിക്കാന്‍ അനുമതി. സ്പുട്നിക് വാക്സിന് ഉപയോഗിക്കാന്‍ ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയാണ് അന്തിമ അനുമതി നല്‍കിയത്. ഡിസിജിഐയുടെ കീഴിലുള്ള വിദഗ്ധ സമിതി അനുമതിക്ക് ശുപാര്‍ശ ചെയ്തിരുന്നു. സ്പുട്നികിന് അനുമതി നല്കുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ.
സ്പുട്നിക് വാക്സിന് മെയ് മാസം മുതല്‍ വിതരണം ആരംഭിക്കും. 91.6 ശതമാനം ഫലപ്രാപ്തിയാണ് വാക്സിന് അവകാശപ്പെടുന്നത്. ഡോ. റെഡ്ഡീസ് ആണ് സ്പുട്നിക് ഇന്ത്യയില്‍ നിര്‍മിക്കുക.
ഇന്നലെ ചേര്‍ന്ന സബ്ജക്ട് എക്സ്പര്‍ട്ട് കമ്മിറ്റിയാണ് സ്പുട്നിക് 5 വാക്സിന് അംഗീകാരത്തിനുള്ള ശുപാര്‍ശ നല്‍കിയത്. ഉപയോഗത്തിനുള്ള അന്തിമാനുമതി ലഭിച്ചതോടെ രാജ്യത്ത് ഉപയോഗത്തിലെത്തുന്ന മൂന്നാമത്തെ കോവിഡ് വാക്സിന് ആയി സ്പുട്നിക് മാറി.
ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ആസ്ട്രാസെനക്കയുമായി ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന് എന്നിവയാണ് നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന വാക്സിനുകള്‍.
അതേസമയം കോവിഡ് രണ്ടാം തരംഗത്തിന്റെ ആശങ്കയില്‍ നില്ക്കുന്ന രാജ്യത്ത് സ്പുട്നികിനും അനുമതി നല്‍കിയതോടെ വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാകും.
Discussion about this post