ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ വേഗത്തിലാക്കി കേന്ദ്രം. ഇതിന്റെ ഭാഗമായി ആന്റി വൈറല്‍ മരുന്നായ റെംഡിസീവറിന്റെ ഉത്പ്പാദനം വര്‍ധിപ്പിക്കണമെന്നും കുറഞ്ഞ ചെലവില്‍ ലഭ്യമാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. പ്രാദേശിക തലത്തില്‍ രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.
ഏപ്രില്‍ 12, 13 തീയതികളില്‍ റെംഡിസീവര്‍ കമ്പനിയുടെ അധികൃതരുമായി കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ ചര്‍ച്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് മരുന്നിന്റെ ഉത്പ്പാദനം വര്‍ധിപ്പിക്കാനും വില കുറക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം മുന്നോട്ടുവെച്ചത്.
നിലവില്‍ ഏഴ് ഉത്പ്പാദന കേന്ദ്രങ്ങളിലായി പ്രതിമാസം 38.80 ലക്ഷം മരുന്നാണ് ഉത്പ്പാദിപ്പിക്കുന്നത്. പ്രതിമാസം 10 ലക്ഷം മരുന്ന് വീതം ഉത്പ്പാദിപ്പിക്കാനായി ആറ് ഉത്പ്പാദന കേന്ദ്രങ്ങള്‍ക്ക് കൂടി കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്.
മരുന്നിന്റെ വില ഏകദേശം 3,500 രൂപയില്‍ താഴെയാകാനാണ് സാധ്യതയെന്ന സൂചനകളാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നും പുറത്തുവരുന്നത്. ആശുപത്രികളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ആവശ്യം നിറവേറ്റുകയെന്നതിന് പ്രഥമ പരിഗണന നല്‍കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Discussion about this post