ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നും അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്. നാലാം തിയതി കോവിഡ് ബാധിച്ചെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് അനുസരിച്ച് ധര്‍മ്മടത്ത് നടത്തിയ റോഡ് ഷോ കോവിഡ് പ്രോട്ടോക്കോളിന്റെ നഗ്നമായ ലംഘനമാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
കോവിഡ് രോഗബാധിതയായ മകള്‍ താമസിക്കുന്ന വീട്ടില്‍ നിന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി വോട്ടു ചെയ്യാനെത്തിയത്. പ്രൈമറി കോണ്ടാക്ട് ആയവര്‍ പാലിക്കേണ്ട ഒരു നിയമങ്ങളും മുഖ്യമന്ത്രി പാലിച്ചില്ല. ആംബുലന്‍സിലല്ല അദ്ദേഹവും കുടുംബവും ആശുപത്രിയില്‍ എത്തിയത്. ഇതിനെതിരേ നടപടി ഉണ്ടാകണം. കോവിഡ് നെഗറ്റീവായ ശേഷം ഏഴു ദിവസം സമ്പര്‍ക്ക വിലക്ക് അനിവാര്യമായിരിക്കേ, ആശുപത്രിയില്‍ നിന്നുള്ള മടക്കവും അദ്ദേഹം ആഘോഷമാക്കി.
കേരള മുഖ്യമന്ത്രിയുടെ ജാഗ്രതക്കുറവും നിരുത്തരവാദപരമായ പെരുമാറ്റവും ചോദ്യം ചെയ്യാന്‍ ആരോഗ്യ വിദഗ്ധരോ മാധ്യമങ്ങളോ ഇല്ലാത്തത് സംസ്ഥാനത്തിന് ആകെ അപമാനമാണ്. കരുതലും ജാഗ്രതയുംമുഖ്യമന്ത്രിക്കും ബാധകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post