ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ സിപിഎം തീരുമാനിച്ചു. കോണ്‍ഗ്രസിനെ ഒരു തരത്തിലും പിന്തുണക്കരുതെന്നും പാര്‍ട്ടി അംഗീകരിച്ച കരട് നയരേഖ വ്യക്തമാക്കി
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് പ്രമേയം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരിയും കെ വരദരാജനും ചേര്‍ന്നാണ് പുറത്തിറക്കിയത്. കേന്ദ്രത്തില്‍ മോഡി സര്‍ക്കാര്‍ നടത്തുന്ന കോര്‍പ്പറേറ്റ് പ്രീണനത്തിനും ആര്‍എസ്എസിന്റെ ഹിന്ദുത്വ അജന്‍ഡക്കും എതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.
ഇടത് പക്ഷത്തെ ശക്തമാക്കേണ്ടത് അനിവാര്യമാണെന്നും കരട് രേഖ വ്യക്തമാക്കി. ആര്‍എസ്പി മുന്നണി വിട്ടത് തിരിച്ചടിയായി. കൊല്ലത്ത് ആര്‍എസ്പി സ്ഥാനാര്‍ത്ഥി പ്രേമചന്ദ്രനെതിരെ പരനാറി എന്ന പിണറായി വിജയന്റെ പരാമര്‍ശം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും കരട് നയരേഖ പറയുന്നു.
ബിജെപി അധികാരത്തില്‍ ഇരിക്കുമ്പോള്‍ ആക്രമണത്തിന്റെ കുന്തമുന അവര്ക്കുനേരെയായിരിക്കണം. അതിനര്‍ത്ഥം കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പുധാരണയുണ്ടാക്കുമെന്നല്ല. നവഉദാരനയങ്ങള്‍ക്കെതിരായ പോരാട്ടം വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തേക്കാള്‍ ചെറുതല്ലെന്നും കാരാട്ട് പറഞ്ഞു. ജനകീയ പോരാട്ടങ്ങള്‍ക്ക് ഇടത്പക്ഷ ഐക്യം ശക്തമാക്കാന്‍ സിപിഐ എം മുന്നിട്ടിറങ്ങും. ബിജെപിക്കും ആര്‍എസ്എസിനും എതിരായ പോരാട്ടത്തെ തെരഞ്ഞെടുപ്പ് തന്ത്രമായി തരംതാഴ്ത്തി കാണരുത്. അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഐക്യത്തെ തകര്‍ക്കുന്ന വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാണത്.
പത്ത് വര്‍ഷമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്തുടര്‍ന്ന നവ ഉദാര വല്‍ക്കരണ നയമാണ് മോഡി സര്‍ക്കാരും പിന്തുടരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയെ ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ടുവന്നതും അതിന്റെ ഭാഗമായാണ്. ഇന്ത്യയുടെ വിദേശ നയം പോലും അടിയറവെക്കാനുള്ള നീക്കമാണ് നടക്കുന്നത്. കുത്തക മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യയുടെ സമ്പത്ത്രംഗം വിദേശകുത്തകകള്ക്ക്് തുറന്നിടുകയാണ്.പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നു. ഇതോടൊപ്പം നികുതികള്‍ കൂട്ടിയും സബ്സിഡികള്‍ വെട്ടിക്കുറച്ചും രാജ്യത്തിന്റെ അടിസ്ഥാന ജനവിഭാഗങ്ങളെ പിഴിഞ്ഞെടുക്കുക കൂടിയാണ്. ഇതിനെല്ലാമെതിരെയാണ് ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയരേണ്ടതെന്നും കാരാട്ട് പറഞ്ഞു.
Discussion about this post