മുംബൈ: ജനപ്രിയ ഗുജറാത്തി-ബോളിവുഡ് നടന് അമിത് മിസ്ത്രി (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 9.30ഓടെ അന്ധേരിയിലെ വസതിയിലായിരുന്നു മരണം.
‘അദ്ദേഹം തികച്ചും ആരോഗ്യവാനായിരുന്നു. രാവിലെ ഉറക്കമുണര്‍ന്ന് പ്രഭാതഭക്ഷണം കഴിച്ച് വ്യായാമം ചെയ്തിരുന്നു. ഇത് തികച്ചും ഞെട്ടിക്കുന്ന വാര്‍ത്തയാണ്’- നടന്റെ മാനേജര്‍ മഹര്‍ഷി ദേശായി പറഞ്ഞു.
ഷോര്‍ ഇന്‍ ദ സിറ്റി, ബേ യാര്, ആമസോണ്‍ പ്രൈം വീഡിയോ സീരീസ് ബാന്‍ഡിഷ് ബാന്‍ഡിറ്റ്സ് തുടങ്ങിയവയിലൂടെ പ്രശസ്തനായിരുന്നു അമിത് മിസ്ത്രി.
ഗുജറാത്തി തിയറ്റര്‍ രംഗത്തുനിന്ന് ബോളിവുഡിലെത്തിയ നടനാണ് അമിത്. ക്യാ കെഹ്ന, ഏക് ചാലിസ് കി ലാസ്റ്റ് ലോക്കല്‍ തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ആമസോണ്‍ പ്രൈമിലെ കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് സീരീസായ ബാന്‍ഡിഷ് ബാന്ഡിറ്റ്സില് സംഗീതജ്ഞന് ദേവേന്ദ്ര റാത്തോഡിനൊപ്പം അമിത് മിസ്ത്രി മികച്ച റോള്‍ കൈകാര്യം ചെയ്തിരുന്നു. ജനപ്രിയ ഷോയായ ‘യെ ദുനിയ ഹെ രംഗീനി’ലും അദ്ദേഹം ഭാഗവാക്കായിരുന്നു. അമിത് മിസ്ത്രിയുടെ പെട്ടെന്നുള്ള മരണം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും വ്യവസായ മേഖലയെയും ഞെട്ടിച്ചു.
‘അമിത് സഹോദരാ, ജീവിതത്തില്‍ ഇങ്ങിനൊരാള്‍ ഇനി ഇല്ലെന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല. നിങ്ങള്‍ എവിടെയായിരുന്നാലും നേരത്തേ ചെയ്തതുപോലെ സ്നേഹം പ്രചരിപ്പിക്കുക’-ബാന്‍ഡിഷ് ബാന്ഡിറ്റ്സിലെ സഹനടന്‍ രാജേഷ് തിലാങ് ട്വീറ്റ് ചെയ്തു.
Discussion about this post