കൊച്ചി: പുനലൂര്‍ പാസഞ്ചറിലെ യാത്രക്കാരിയായ യുവതിയെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞു. കൊല്ലം നൂറനാട് സ്വദേശിയാണ് ഇയാള്‍. അക്രമി നേരത്തെയും പിടിച്ചുപറി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രതിയെ പിടികൂടുന്നതിനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇന്നു രാവിലെ ഗുരുവായൂരില്‍ നിന്നുള്ള പുനലൂര്‍ പാസഞ്ചര്‍ ട്രെയിന്‍ മുളന്തുരുത്തി സ്റ്റേഷന് വിട്ടതോടെയാണ് ആക്രമണം ഉണ്ടായത്. സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അക്രമി യുവതിയുടെ മാലയും വളയും കവര്‍ന്നെടുക്കുകയായിരുന്നു.
ഭയന്ന് ട്രെയിനില്‍ നിന്ന് ചാടിയപ്പോള്‍ പരിക്കേറ്റ യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. – പുനലൂര്‍ പാസഞ്ചറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ കാഞ്ഞിരമറ്റം ഒലിപ്പുറത്ത് വെച്ചാണ് ആക്രമണമുണ്ടായത്. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരിയായ യുവതി ജോലിക്കായി മുളന്തുരുത്തിയില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു.
ചെങ്ങന്നൂരിലെ സ്കൂളില്‍ ക്ലര്‍ക്കായി ജോലി ചെയ്തുവരികയായിരുന്നു ഇവര്‍. ഇന്നു രാവിലെ ജോലി സ്ഥലത്തേക്കു പോകാനാണ് യുവതി ട്രെയിനില്‍ കയറിയത്. ഇവര്‍ മാത്രമായിരുന്നു കമ്പാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്നത്. മുളന്തുരുത്തിയില്‍ വച്ച് അതെ ട്രെയിനിലെ യാത്രക്കാരന് മറ്റൊരു കമ്പാര്‍ട്ട്മെന്റ് നിന്ന് യുവതി ഇരുന്ന കമ്പാര്‍ട്ട്മെന്റിലേക്ക് എത്തി. വാതിലുകള്‍ അടച്ചു. യുവതിയുടെ സമീപം എത്തിയ ഇയാള്‍ കയ്യിലുള്ള സ്ക്രൂഡ്രൈവര്‍ എടുത്തു കുത്തി പരിക്കേല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, യുവതിയുടെ കഴുത്തിലെ മാല ബലംപ്രയോഗിച്ച് പൊട്ടിച്ചെടുത്തു. വളയും ഊരി വാങ്ങി. അതിക്രത്തിലും വധഭീഷണിയിലും ഭയന്ന യുവതി ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടി.
കുറച്ചുനേരം ഡോറില്‍ തൂങ്ങിക്കിടന്ന യുവതി നിലത്തേക്ക് വീഴുകയായിരുന്നു. പ്രദേശവാസികള്‍ ആണ് യുവതിയെ ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു. ഇപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതി. ഇവരുടെ സ്പൈനല്‍ കോഡിന് പൊട്ടലുണ്ട്. യുവതിയെ ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റിലേക്ക് മാറ്റി. സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അക്രമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
അക്രമി മാസ്ക് ധരിച്ചിരുന്നതിനാല്‍ മുഖം തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ട്. പ്രതിയെ തിരിച്ചറിയാന്‍ കഴിയുമെന്ന് യുവതി പറഞ്ഞതായി ഭര്‍ത്താവ് അറിയിച്ചു.
Discussion about this post