ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സ്വകാര്യ ആശുപത്രികളിലെ കോവിഡ് രോഗികളുടെ ചികിത്സാ ചെലവ് വഹിക്കുമെന്ന് അറിയിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ചികിത്സ അസൗകര്യം കണക്കിലെടുത്ത് രോഗികളെ പറഞ്ഞയക്കരുതെന്ന് ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഗാള്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായ കിടക്കകള്‍ ലഭ്യമല്ലെങ്കില്‍ രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് അയക്കുമെന്നും അതിന്റെ മുഴുവന്‍ ചികിത്സാച്ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോവിഡ് ബാധിതരായി മരിച്ച ഓരോരുത്തരുടെയും മരണാനന്തര കര്‍മ്മങ്ങള്‍ അവരവരുടെ മതാചാരപ്രകാരം നടക്കുമെന്നും അതിന്റെ ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഇത് സംബന്ധിച്ച് യുപി സര്‍ക്കാര്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, രാജ്യത്ത് ഓക്സിജന്‍ ക്ഷാമം ഉണ്ടായപ്പോള്‍ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് ഓക്സിജന്റെ ഓഡിറ്റ് സംസ്ഥാന സര്‍ക്കാര്‍ നടത്തുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
“സ്വകാര്യ ആശുപത്രിയിലോ സര്‍ക്കാരാശുപത്രിയിലോ ഓക്സിജന്റെ കുറവുണ്ടാകില്ല. കരിഞ്ചന്തയാണ് പ്രശ്നം, അതിനെതിരേ ശക്തമായ നടപടി സ്വീകരിക്കും.. ഐഐടി കാണ്‍പൂര്‍, ഐഐഎം ലഖ്നൗ, ലഖ്നൗ, ഐഐടി ബിഎച്ച്യു എന്നിവയുമായി സഹകരിച്ച് ഞങ്ങള്‍ ഓക്സിജന്‍ ഓഡിറ്റ് നടത്താന്‍ പോകുകയാണ്” മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post