വാഷിംഗ്ടണ്‍: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ കുറച്ച് ആഴ്ചകള്‍ പൂര്‍ണമായി അടച്ചുപൂട്ടണമെന്ന് യു എസ് കൊവിഡ് വിദഗ്ദ്ധന് ഡോ. ആന്റണി എസ് ഫൗചി. ഒരു ദേശീയ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ബൈഡെന്‍ അഡ്മിനിസ്ട്രേഷന്റെ ചീഫ് മെഡിക്കല്‍ ഉപദേഷ്ടാവായ ഫൗചി ഇക്കാര്യം പറഞ്ഞത്.
ഒരു രാജ്യവും സ്വയം പൂട്ടിയിടാന്‍ ആഗ്രഹിക്കുന്നില്ല. സമ്പദ്ഘടനയെ മോശമായി ബാധിക്കുമെന്നതിനാലാണ് അത്. എന്നാല്‍ വളരെ ബുദ്ധിമുട്ടുള്ളതും, നിരാശാജനകവുമായ ഈ അവസ്ഥയില്‍ കുറച്ച് ആഴ്ചകള്‍ ഇന്ത്യ അടച്ചുപൂട്ടണം.ഇതുവഴി രോഗവ്യാപനം ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നിങ്ങള്‍ക്ക് ഇപ്പോള്‍ ഉടനടി എന്താണ് ചെയ്യാന്‍ കഴിയുക എന്ന് നോക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രണ്ടാഴ്ചയ്ക്കുള്ളില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന എളുപ്പമുള്ള പരിഹാരം എന്താണ്? രോഗവ്യാപനം തടയാന്‍ നിങ്ങള്‍ക്ക് ചെയ്യാനാകുന്ന ഒരു കാര്യം അടച്ചുപൂട്ടുക തന്നെയാണ്. നിങ്ങള്‍ ഇത് ഒന്നിലധികം വ്യത്യസ്ത ഘട്ടങ്ങളില്‍ ഇത് പ്രയോഗിക്കേണ്ടി വരും.- അദ്ദേഹം പറഞ്ഞു
ആളുകള്‍ക്ക് വാക്സിനേഷന് നല്‍കുന്നത് തീര്‍ച്ചയായും അത്യന്താപേക്ഷിതമാണ്. ഓക്സിജന്‍ ആവശ്യമുള്ള, ആശുപത്രിയില്‍ പ്രവേശനം ആവശ്യമുള്ള, വൈദ്യസഹായം ആവശ്യമുള്ള ആളുകളുടെ പ്രശ്നം പെട്ടെന്ന് പരിഹരിക്കാന്‍ പറ്റുന്നതല്ല. ഇപ്പോള്‍ ആളുകളെ പരിപാലിക്കുക. ഓക്സിജന്‍ എങ്ങനെ കിട്ടുമെന്ന് ഒരു പദ്ധതി തയ്യാറാക്കാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും കമ്മീഷനോ അടിയന്തര ഗ്രൂപ്പോ ലഭിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. നമുക്ക് എങ്ങനെ സാധനങ്ങള്‍ ലഭിക്കും? എങ്ങനെ മരുന്നുകള്‍ ലഭിക്കും? ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ മറ്റു രാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കാം.
രണ്ടാമത്തെ കാര്യം, നിങ്ങള്‍ക്ക് സര്‍ക്കാരിന്റെ വിവിധ ഗ്രൂപ്പുകളെ അണിനിരത്താനാകും. ഉദാഹരണത്തിന് സൈന്യത്തിന്റെ പങ്ക് എന്താണ്? സൈന്യത്തിന് വന്ന് സഹായിക്കാന്‍ കഴിയുമോ? പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കാനായി യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ദേശീയ ഗാര്‍ഡ് ഞങ്ങളെ സഹായിക്കാന്‍ ഉണ്ടായിരുന്നു.
നിങ്ങളുടെ ആളുകളില്‍ രണ്ട് ശതമാനം പേര്‍ക്ക് മാത്രമേ വാക്സിനേഷന് നല്‍കിയിട്ടുള്ളൂ. ഇതാണ് ഞാന്‍ കേട്ടത്. അത് കൃത്യമാണോയെന്ന് എനിക്കറിയില്ല. രണ്ട് ഡോസുകളും ലഭിച്ചവരുടെ എണ്ണം 2% ആണ്, 11% പേര്‍ക്ക് ഒരു ഡോസ് ലഭിച്ചുവെന്നാണ് കേട്ടത്. ഇത് ശരിയാണെങ്കില്‍, ഇന്ത്യയിലെ ആളുകളെ സംരക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് ഒരുപാട് ദൂരം പോകേണ്ടതുണ്ട്. വാക്സിനുകള്‍ ലഭിക്കുന്നതിന് വേണ്ടത് ചെയ്യണം. ലോകത്തിലെ ഏറ്റവും കൂടുതല്‍ വാക്സിന് ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. അതാണ് കാര്യം, വാക്സിനുകള്‍ നിര്‍മ്മിക്കാനുള്ള നിങ്ങളുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തണം.- അദ്ദേഹം പറഞ്ഞു.
Discussion about this post