ലണ്ടൻ: ബ്രിട്ടനിൽ 240 മില്യൺ പൗണ്ടിന്റെ നിക്ഷേപം നടത്താൻ പ്രമുഖ വാക്സീൻ നിർമാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഒരുങ്ങുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് നടക്കാനിരിക്കുന്ന വെർച്വൽ യോഗത്തിനു മുന്നോടിയായി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഓഫിസാണ് സീറം ബ്രിട്ടനിൽ വൻ നിക്ഷേപം നടത്തുമെന്നു അറിയിച്ചത്. 100 കോടി പൗണ്ടിന്റെ ഇന്ത്യ – യുകെ വ്യാപാര പങ്കാളിത്തത്തിന്റെ ഭാഗമായാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് യുകെയിൽ വൻ നിക്ഷേപം നടത്തുന്നത്.ഇത് വഴി 6,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോവിഡ് പ്രതിരോധത്തിനായി ഒറ്റ ഡോസ് നേസൽ വാക്സീന്റെ ഒന്നാം ഘട്ട പരീക്ഷണങ്ങൾ ഇതിനകം തന്നെ ബ്രിട്ടനിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആരംഭിച്ചിരുന്നു. ആരോഗ്യം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സുപ്രധാന നിക്ഷേപം നടത്തുന്ന 20 ഓളം ഇന്ത്യൻ കമ്പനികളിൽ ഒന്നാണ് പുണെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. പദ്ധതിയിൽ സെയിൽസ് ഓഫിസ്, ക്ലിനിക്കൽ പരീക്ഷണങ്ങൾ, ഗവേഷണങ്ങൾ വാക്സീനുകളുടെ നിർമാണം തുടങ്ങിയവ ഉൾപ്പെടും. സെയിൽസ് ഓഫിസ് വഴി 100 കോടി ഡോളറിന്റെ വ്യാപാരമാണു പ്രതീക്ഷിക്കുന്നത്.
വാക്സീൻ ക്ഷാമം രൂക്ഷമായിരിക്കെ കോവിഷീൽഡിന്റെ ഉൽപാദനം വിദേശരാജ്യങ്ങളിൽ കൂടി തുടങ്ങുന്നതു പരിഗണിച്ചു വരികയാണെന്ന് പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഓര്‍ഡര്‍ ലഭിച്ച ഡോസുകള്‍ വിതരണം ചെയ്യാൻ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇന്ത്യയിൽ മൂന്നാം ഘട്ട വാക്സീൻ കുത്തിവയ്പിൽ സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും വാക്സീൻ നേരിട്ടു വാങ്ങാൻ കേന്ദ്രം അനുമതി നൽകിയതോടെ ആവശ്യം പല മടങ്ങായി.
വാക്സീൻ ക്ഷാമം രൂക്ഷമായിരിക്കെ, ഇന്ത്യ ഉപയോഗിക്കുന്ന 2 വാക്സീനുകളുടെയും ഉൽപാദനം വിദേശത്തേക്കു കൂടി വ്യാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. കോവിഷീൽഡിന്റെ ഉൽപാദനം സീറം ഇൻസ്റ്റിറ്റ്യൂട്ട് സ്വന്തം നിലയിലാണ് ആലോചിക്കുന്നതെങ്കിൽ, കോവാക്സീന്റെ കാര്യത്തിൽ കേന്ദ്ര സർക്കാരാണു മുൻകയ്യെടുക്കുന്നത്. കോവാക്സീന്റെ സാങ്കേതികവിദ്യ വിദേശ കമ്പനികൾക്കു കൈമാറി, ഉൽപാദനവും വിതരണവും സാധ്യമാകുമോയെന്നാണു പരിശോധിക്കുന്നത്.
Discussion about this post