മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ കോവിഡ് രോഗി വീട്ടില്‍ ചാരായം വാറ്റുന്നതിനിടയില്‍ എക്സൈസ് പിടിയില്‍. ചുങ്കത്തറ പഞ്ചായത്തിലെ കാട്ടിച്ചിറ ചെറുത്ത് വീട്ടില്‍ പറങ്ങോടന് മകന് കൃഷ്ണന് (55 വയസ്സ്) ആണ് എക്സൈസ് – പോലീസ് സംയുക്ത റെയിഡില്‍ പിടിയിലായത്. 170 ലിറ്റര്‍ വാഷ്, പ്ലാസ്റ്റിക് ബാരലുകള്‍, ഗ്യാസ് സിലിണ്ടര്‍, ഗ്യാസ് അടുപ്പ്, അലുമിനിയം കലങ്ങള്‍ തുടങ്ങി നിരവധി വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
പ്രതി നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണ്. ഇയാള്‍ കോവിഡ് ആര്.ടി.പി.സി.ആര് പരിശോധന കഴിഞ്ഞ് ഫലം വരുന്നതും കാത്ത് ക്വാറന്റൈനില്‍ ആയിരുന്നു. ആ സമയത്ത് രഹസ്യമായി ചാരായം വാറ്റി വ്യാപകമായി വില്പന നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന.
കസ്റ്റഡിയില്‍ എടുത്ത പ്രതി കോവിഡ് പോസിറ്റീവ് ആണെന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ഒഴിവാക്കി കേസ് എടുക്കുകയായിരുന്നു. തുടര്‍ നടപടികള്‍ കോവിഡ് നെഗറ്റീവ് ആയ ശേഷം സ്വീകരിക്കും.
Discussion about this post