ഡല്‍ഹി: ജൂനിയര്‍ ഗുസ്തി താരവും ദേശീയ ചാമ്പ്യനുമായ സാഗര്‍ റാണയുടെ മരണവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനായി ലുക്കൗട്ട് നോട്ടീസ്. ഡല്‍ഹി പൊലീസ് ആണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
സംഭവത്തിന് ശേഷം സുശീല്‍ കുമാര്‍ ഹരിദ്വാറിലേക്കും പിന്നീട് ഋഷികേശിലേക്കും മുങ്ങിയിരുന്നു. എന്നാല്‍, ഡല്‍ഹിയില്‍ തിരിച്ചെത്തി ഹരിയാനയിലെ വിവിധയിടങ്ങളില്‍ കഴിയുകയാണെന്നാണ് വിവരം.
23 കാരനായ സാഗര്‍ ധന്‍ഖഡ് എന്ന സാഗര്‍ റാണയെ സ്റ്റേഡിയത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയതായാണ് കേസ്. മറ്റു ഗുസ്തിക്കാര്‍ക്ക് മുന്നില്‍ മോശമായി പെരുമാറിയതിന് സുശീല്‍ കുമാരും കൂട്ടാളികളും മോഡല്‍ ടൗണിലെ വീട്ടില്‍ നിന്നും സാഗറിനെ പിടികൂടിയെന്നാണ് പൊലീസിന് ലഭിച്ച മൊഴി.
കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളാണ് സുശീല്‍ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. ഒളിവില്‍ കഴിയുന്ന സുശീലിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Discussion about this post