തിരുവനന്തപുരം: പാര്‍ട്ടിയെ അഴിച്ചുപണിതില്ലെങ്കില്‍ കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി സോണിയാ ഗാന്ധിക്ക് കത്തയച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ. നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത ആഘാതത്തിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസില്‍ മാറ്റം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കത്തയച്ചത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസ്സന് തുടങ്ങിയരെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ഒപ്പം കെപിസിസി, ഡിസിസി, യൂത്ത് കോണ്‍ഗ്രസ്, ഐന്‍ടിയുസി, കെ.എസ്.യു തുടങ്ങിയ പാര്‍ട്ടിഘടകങ്ങളുടെ ജംബോ കമ്മിറ്റികള്‍ ഉടന്‍ പിരിച്ചുവിടണമെന്നും ഈ കമ്മിറ്റികളെ ബൂത്ത് തലത്തില്‍ നിന്ന് ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കണമെന്നും ആവശ്യമുയര്‍ത്തി.
യൂത്ത് കോണ്‍ഗ്രസ് വൈസ്.പ്രസിഡന്റ് എസ്.ജെ.പ്രേംരാജ്, ജനറല്‍ സെക്രട്ടറി കെ.എ.ആബിദ് അലി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് 24 ഭാരവാഹികള്‍ ഒപ്പിട്ട കത്ത് എഐസിസി അധ്യക്ഷയ്ക്ക് അയച്ചിരിക്കുന്നത്. രാഹുല്‍ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്കും കത്തിന്റെ കോപ്പി അയച്ചിട്ടുണ്ട്.
പാര്‍ട്ടി നിരുന്മേഷ മനോഭാവം ഇല്ലാതാക്കാനും തിരുത്തല്‍ നടപടികള്‍ ഉടനടി നടപ്പാക്കാനും തയ്യാറായില്ലെങ്കില്‍ അത് കൂടുതല്‍ ഇരുട്ടിലേക്ക് പാര്‍ട്ടിയെ എത്തിക്കുമെന്നും കത്തില്‍ പറയുന്നു.
Discussion about this post