അറബിക്കടലിലെ ന്യൂനമര്‍ദം അതിതീവ്രമായതിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കണ്ണൂരും കാസര്‍ഗോഡും ,യെല്ലോ അലര്‍ട്ടും നിലവില്‍വന്നു. സംസ്ഥാനം അതീവ ജാഗ്രതയിലാണ്. രണ്ട് ദിവസം കൂടി കനത്തമഴയും കാറ്റും കടലാക്രമണവും തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്കി. മഴക്കെടുതി നേരിടാന്‍ ജില്ലകളില്വിപുലമായ സംവിധാനങ്ങള്‍ ഒരുക്കി. സംസ്ഥാനത്ത് ഒന്‍പത് ജില്ലകളില്‍ ദേശീയദുരന്തപ്രതിരോധ സേനയെയും വിന്യസിച്ചു. 1077 എന്ന ടോള്‍ഫ്രീ നമ്പറില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്.
അടുത്ത 24 മണിക്കൂറില്‍ ഇതിന്റെ ശക്തി വര്‍ധിച്ച് ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. ചുഴലിക്കാറ്റിന്റെ പ്രവചിക്കപ്പെട്ടിരിക്കുന്ന സഞ്ചാര പഥത്തില്‍ കേരളമില്ല. ന്യൂനമര്‍ദ കേന്ദ്രത്തിന്റെ നിലവിലെ സ്ഥാനം കേരള തീരത്ത് നിന്ന് അധികം അകലെയല്ല. അതുകൊണ്ടുതന്നെ കേരളത്തില്‍ മെയ് 16 വരെ അതിതീവ്ര മഴയും ശക്തമായ കാറ്റും രൂക്ഷമായ കടല്‍ക്ഷോഭവും തുടരുമെന്നാണ് മുന്നറിയിപ്പ്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും അതീവ ജാഗ്രത തുടരണം.
ഇന്ന് രാത്രി വളരെ നിര്‍ണ്ണായകമാണ്. കാലാവസ്ഥ വകുപ്പ് റെഡ് , ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലും സമീപ ജില്ലകളിലും അതിതീവ്ര മഴയോ അതിശക്തമായ മഴയോ ഉണ്ടാകാം. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരവും. നാളെ പകലോട് കൂടി തന്നെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് വടക്കോട്ട് നീങ്ങാനുള്ള സാധ്യതയും കാണുന്നുണ്ട്. എന്നിരുന്നാലും നമ്മള് ജാഗ്രത കൈവിടാതിരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഏത് അടിയന്തരഘട്ടത്തെയും നേരിടാന്‍ കേന്ദ്ര-സംസ്ഥാന സേനകള്‍ സജ്ജമാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങളെ മുന്‍കരുതലായി വിന്യസിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് നിലവില്‍ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുള്ളത്.
Discussion about this post