പത്തനംതിട്ട: കാനറ ബാങ്കിൽ നിന്നും 8.13 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി വിജീഷ് വർഗീസ് കുറ്റം സമ്മതിച്ചു. തെളിവെടുപ്പിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. കൂടുതൽ ചോദ്യം ചെയ്യലിനായി ഇന്നു കസ്റ്റഡി അപേക്ഷ നൽകുമെന്നു ഡിവൈഎസ്പി എ. പ്രദീപ് കുമാർ പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചെങ്കിലും പണം എവിടേക്കു മാറ്റിയെന്നു കൃത്യമായ വിവരം നൽകിയിട്ടില്ല.
വിജീഷ് വർഗീസിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിൽ 6.5 കോടി ഉണ്ടെന്നായിരുന്നു ഇന്നലെ ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയത്. ഈ അക്കൗണ്ടുകളിൽ പണമില്ല എന്നാണു പൊലീസ് ഇപ്പോൾ നൽകുന്ന വിവരം. അക്കൗണ്ടുകള്‍ നേരത്തെ ബാങ്ക് മരവിപ്പിച്ചിരുന്നതാണ്. പൊലീസിനൊപ്പം തിരുവല്ല ക്രൈംബ്രാഞ്ച് യൂണിറ്റും അന്വേഷണത്തിന്റെ ഭാഗമായി ചേർന്നു.
തട്ടിപ്പിൽ വിജീഷിന്റെ ഭാര്യയ്ക്കും മറ്റു കുടുംബാംഗങ്ങൾക്കും പങ്കുണ്ടോയന്ന കാര്യം വിശദമായി അന്വേഷിക്കുമെന്നു ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനി ഇന്നലെ പറഞ്ഞിരുന്നു. വിജീഷ് വർഗീസിന്റെയും ഭാര്യയുടെയും പേരിൽ രണ്ട് അക്കൗണ്ടുകൾ വീതമുണ്ട്. ഈ അക്കൗണ്ടുകളിലേക്കാണ് നേരിട്ട് പണം മാറ്റിയിരിക്കുന്നത്. ഈ അക്കൗണ്ടുകളിൽ നിന്നാണ് അമ്മയുടെയും ഭാര്യാപിതാവ് അടക്കമുള്ള മറ്റു ബന്ധുക്കളുടെയും അക്കൗണ്ടുകളിലേക്ക് പണം മാറ്റിയത്. വിജീഷിന്റെയും ഭാര്യയുടെയും പേരിലുള്ള അക്കൗണ്ടുകളിൽ 6.5 കോടിയുടെ നിക്ഷേപം കണ്ടെത്തിയെന്നും അവർ വ്യക്തമാക്കിയിരുന്നു.
Discussion about this post