ഡല്‍ഹി: കോവിഡ് ബാധിച്ച് മരിക്കുമെന്ന ഭയത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച അലഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിയാണ് സുപ്രീംകോടതി ഉത്തരവ്. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാറാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഓരോ കേസിലെയും യോഗ്യതകള്‍ വിലയിരുത്തിയാവണം മുന്‍കൂര്‍ ജാമ്യം അനുവദിക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ജയിലുകളിലെ കോവിഡ് വ്യാപനവും തടവുപുള്ളികളുടെ എണ്ണക്കൂടുതലും പരിഗണിച്ച് ജാമ്യം അനുവദിക്കാമെന്നായിരുന്നു അലഹബാദ് ഹൈക്കോടതി വിധി.
130 ഓളം കേസുകളില്‍ പ്രതിയായ പ്രതീക് ജയിന് എന്നയാളെ 2022 ജനുവരി വരെ ജാമ്യത്തില്‍ വിടാനുള്ള തീരുമാനമാണ് വിവാദമായത്. ഇത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും മറ്റു കോടതികളിലും മുന്‍കൂര്‍ ജാമ്യത്തിനായി ഈ വാദം ഉന്നയിക്കപ്പെടുമെന്നും യു.പി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ജയിലുകളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതും കുറ്റവാളികള്‍ പെരുകുന്നതും തടവുകാരുടെയും ജയില്‍ ജീവനക്കാരുടെയും ജീവന് ഭീഷണിയാണെന്ന് ഹൈക്കോടതി ഈ മാസം ആദ്യം നിരീക്ഷിച്ചിരുന്നു. ഇത്തരം കേസുകളില്‍ കുറ്റാരോപിതര്‍ക്ക് നിശ്ചിത കാലത്തേക്ക് മുന്‍കൂര്‍ ജാമ്യം നല്‍കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Discussion about this post