കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ വീട്ടമ്മയ്ക്ക് രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ ഒരുമിച്ച് നല്‍കിയതായി ആരോപണം. വാക്‌സിനെടുത്തതിനെത്തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണ നാല്‍പ്പത്തി അഞ്ചുകാരിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേളം പഞ്ചായത്തിലെ തീക്കുനി കാരക്കണ്ടി നിസാറിന്റെ ഭാര്യ റജിലയാണു ചികിത്സയിലുള്ളത്.
ആയഞ്ചേരി പഞ്ചായത്തിലെ കടമേരി സിഎച്ച്‌സിയില്‍ നിന്ന് ഇന്നലെ വൈകിട്ട് മൂന്നിനുശേഷമാണു റജില ഭര്‍ത്താവിനൊപ്പം വാക്‌സിനെടുത്തത്. റജിലയ്ക്കു രണ്ടുതവണ കുത്തിവയ്ക്കുന്നതു ശ്രദ്ധയില്‍പ്പെട്ട നിസാര്‍ ഇക്കാര്യം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. നാല്‍പ്പത്തി നാല് വയസിനു മുകളിലുള്ളവരുടെ വിഭാഗത്തിലാണ് ഇരുവരും കുത്തിവയ്‌പെടുത്തത്.
കുത്തിവയ്‌പെടുത്ത സമയത്ത് ആശുപത്രിയില്‍ ഒട്ടും തിരക്കുണ്ടായിരുന്നില്ലെന്നു നിസാര്‍ പറഞ്ഞു. “കുത്തിവയ്പ് മുറിയില്‍ താനും ഭാര്യയും മാത്രമാണുണ്ടായിരുന്നത്. ആദ്യം ഭാര്യയ്ക്കാണു കുത്തിവയ്പ് നല്‍കിയത്. രണ്ടു തവണ കുത്തിവച്ചു. ഇതിലൊന്ന് ടെസ്റ്റാണെന്നാണു കരുതിയത്. എനിക്ക് ഒരു തവണ മാത്രം കുത്തിവച്ചപ്പോള്‍ എന്തുകൊണ്ടാണ് ഭാര്യയ്ക്കു രണ്ടു തവണ കുത്തിവച്ചതെന്നു ചോദിക്കുകയായിരുന്നു. രണ്ടുതവണ കുത്തിവച്ച കാര്യം ആദ്യം നിഷേധിച്ച ആശുപത്രി അധികൃതര്‍ ഇക്കാര്യം ഭാര്യയോട് ചോദിച്ച് സ്ഥിരീകരിച്ചു,” നിസാര്‍ പറഞ്ഞു.
രണ്ടു ഡോസ് നല്‍കിയ കാര്യം എഴുതിത്തരാന്‍ തയാറായില്ലെന്നു നിസാര്‍ പറഞ്ഞു. “ആര്‍എംഒയ്‌ക്കേ ഇക്കാര്യം എഴുതിത്തരാന്‍ കഴിയൂവെന്നും അദ്ദേഹം സ്ഥലത്തില്ലെന്നുമാണ് ആശുപത്രി അധികൃതരില്‍ നിന്നു ലഭിച്ച മറുപടി. തുടര്‍ന്ന് വിഷയം കലക്ടര്‍ ഉള്‍പ്പെടെയുള്ള അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതിനിടെ പഞ്ചായത്ത് ഓഫീസില്‍ വിവരം അറിയിച്ചതോടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എത്തി ആശുപത്രി അധികൃതരുമായി സംസാരിച്ചു. കണ്ണൂരിലുള്ള ആര്‍എംഒ ഇന്ന് രാവിലെ പതിനൊന്നോടെ എത്തി വേണ്ട നപടികള്‍ സ്വീകരിക്കുമെന്നാണ് അവര്‍ പറഞ്ഞത്. ഇതിനിടെ ക്ഷീണം അനുഭവപ്പെടുന്നതായി ഭാര്യ പറഞ്ഞിരുന്നു,” നിസാര്‍ പറഞ്ഞു.
വീട്ടിലെത്തി രാത്രി ഭക്ഷണം കഴിക്കാനിരിക്കുന്നതിനിടെ കുഴഞ്ഞുവീണ റജിലയെ വടകരയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പക്ഷാഘാതത്തിനു സാധ്യതയുണ്ടെന്ന വടകര ആശുപത്രിയിലെ ഡോക്ടറുടെ അഭിപ്രായത്തെത്തുടര്‍ന്നാണ് രാത്രി പന്ത്രണ്ടോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റിയതെന്നു നിസാര്‍ പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തു നിന്ന് ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരും പൊലീസ് സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും ബന്ധപ്പെട്ടിരുന്നതായും ആരോഗ്യമന്ത്രി വിളിച്ചിട്ടില്ലെന്നും നിസാര്‍ പറഞ്ഞു. വടകരയില്‍ നിന്നു പൊലീസ് ഇന്നലെ രാത്രി തന്നെ എത്തി മൊഴിയെടുത്തതായും നിസാര്‍ പറഞ്ഞു.
Discussion about this post