ബംഗളൂരു: ആമസോണിന്റെ കാനഡ ഇ^കൊമേഴ്സ് വെബ്സൈറ്റില്‍ കന്നട പതാകയും ചിന്ഹവും ഉപയോഗിച്ചുള്ള ബിക്നി വില്പനക്ക് വെച്ച സംഭവത്തില്‍ നിയമ നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. ഇന്ത്യയിലെ ഏറ്റവും വൃത്തിക്കെട്ട ഭാഷ ഏതാണെന്ന ചോദ്യത്തിന് കന്നടയാണെന്ന് മറുപടി നല്കിയ ഗൂഗിളിനെതിരായ പ്രതിഷേധത്തിന് പിന്നാലെ ലോകത്തെ ഇ^കൊമേഴ്സ് രംഗത്തെ ഭീമന്മാരായ ആമസോണിനെതിരെ ബഹിഷ്കരണാഹ്വാനവുമായി കന്നട അനുകൂല സംഘടനകളും രംഗത്തെത്തി.
കന്നടിഗരുടെ ആത്മാഭിമാനത്തിെന്റ വിഷയമായതിനാല്‍ ഇത്തരം കാര്യങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും വിഷയത്തില്‍ ആമസോണ്‍ കാനഡ മാപ്പു പറയണമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും കന്നട സാംസ്കാരിക വകുപ്പ് മന്ത്രി അരവിന്ദ് ലിംബാവലി പറഞ്ഞു. ഗുഗിളില്‍ നിന്നുണ്ടായ സംഭവത്തിന്റെ മുറിവുണങ്ങുന്നതിന് മുമ്പാണ് അമസോണ്‍ കാനഡയില്‍ നിന്ന് ഇത്തരമൊരു സംഭവം ഉണ്ടായതെന്നും വന്‍കിട കമ്പനികള്‍ തുടര്‍ച്ചയായി കന്നടയെ അപമാനിക്കുന്ന സംഭവങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആമസോണ്‍ കാനഡയുടെ വെബ്സൈറ്റില്‍ കന്നട പതാകയുടെ നിറമായ മഞ്ഞയും ചുവപ്പും നിറവും ചിന്ഹവും ചേര്‍ത്തുകൊണ്ടുള്ള സ്ത്രീകളുടെ അടിവസ്ത്രം (ബിക്നി) വില്പനക്ക് വെച്ചതിെന്റ സ്ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ടാണ് ട്വിറ്റില്‍ പ്രതിഷേധം പടര്‍ന്നത്.
ബിക്നിയുടെ ഡിസൈന്‍ കന്നട പതാകയുടേതാണെന്ന കുറിപ്പോടെയാണ് ഉല്പന്നം വില്‍പ്പനക്ക് വെച്ചിരുന്നത്. സംഭവം വിവാദമായതോടെ ആമസോണ്‍ കാനഡയുടെ വെബ്സൈറ്റില്‍ നിന്ന് കന്നട പതാകയും ചിഹ്നവും ഉപയോഗിച്ചുള്ള ബിക്നി അപ്രത്യക്ഷമായിട്ടുണ്ട്.
കാനഡക്ക് പുറമെ യു.കെ.ജപ്പാന്, മെക്സിക്കോ എന്നീ രാജ്യങ്ങളിലും ആമസോണ്‍ ഇതേ ഉല്പന്നം വില്‍ക്കുന്നുണ്ട്. ആമസോണ്‍ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കന്നട അനുകൂല സംഘടനയായ കന്നട രക്ഷണ വേദികെ നേതാവ് പ്രവീണ്‍ ഷെട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കന്നടിഗരുടെ അഭിമാനമായ കന്നട പതാകയെ അപമാനിച്ച ആമസോണിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ആമസോണിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാജ്യത്തെ ഏറ്റവും വൃത്തികെട്ട ഭാഷ ഏതാണെന്ന് ചോദ്യത്തിന് കന്നടയാണെന്ന മറുപടിയില്‍ ഗൂഗിളിനെതിരെ പ്രതിഷേധം ശക്തമായതോടെ കമ്പനി ഖേദം പ്രകടിപ്പിക്കുകയായിരുന്നു.
Discussion about this post