തൃശൂര്‍: സംസ്ഥാനത്ത് നടന്നത് വീരപ്പനെ വെല്ലുന്ന വനം കൊള്ളയാണെന്നും അതിന് നേതൃത്വം നല്‍കിയത് കൊള്ളക്കാരുടെ ‘ക്യാപ്റ്റന്‍’ പിണറായി വിജയനാണെന്നും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. വനം കൊള്ളയുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും മുന്‍ റവന്യൂ- വനം വകുപ്പ് മന്ത്രിമാര്‍ക്കുമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ജില്ലയില്‍ വനംകൊള്ള നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മും സി.പി.ഐയും സംയുക്തമായി നടത്തിയ നീക്കമാണ് കൊള്ളക്ക് പിന്നിലെന്നും, കഴിഞ്ഞ പിണറായി സര്‍ക്കാറിന്റെ കാലത്ത് നടന്ന വനംകൊള്ളയിലൂടെ ലഭിച്ച അയ്യായിരം കോടി രൂപയുടെ കള്ളപ്പണം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി കേരളത്തില്‍ ഒഴുക്കിയതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വനം, റവന്യൂ മന്ത്രിമാര്‍ക്ക് മരം മുറിക്കാനുള്ള ഉത്തരവ് ഇറക്കാന്‍ അധികാരമില്ല എന്നതാണ് വസ്തുതയെന്നും, ഉന്നത ഉദ്യോഗസ്ഥരും വനം മാഫിയയുമായി ചേര്‍ന്നാണ് കൊള്ള നടന്നിട്ടുള്ളതെന്നും കൃഷ്ണദാസ് പറഞ്ഞു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കളവ് പുറത്തു വന്നപ്പോള്‍ ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും, മുഖ്യമന്ത്രിക്കും വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മുന്‍ മന്ത്രിമാര്‍ക്കും കൊള്ളയില്‍ തുല്യ പങ്ക് ആണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വനം കൊള്ള നടന്ന സ്ഥലങ്ങളിലെ നാല് ഫോറസ്റ്റ് ഓഫിസുകള്‍ മുന്‍കൂട്ടി അടച്ച് പൂട്ടിയിരുന്നുവെന്നും, മുഖ്യമന്ത്രിയുടെ അറിവോടുകൂടിയാണ് മരംകൊള്ള നടന്നിട്ടുള്ളത് എന്നതിന് തെളിവാണിതെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
Discussion about this post