ആലപ്പുഴ: കേരളത്തിലെ ഏറ്റവും വലിയ ഗുണ്ട ആരാണ് എന്നറിയാനുള്ള ഒരു മത്സരമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതെന്ന് പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഈ മത്സരം നടക്കുന്നത് കേരളത്തിലെ മുഖ്യമന്ത്രിയും പ്രതിപക്ഷ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനും തമ്മിലാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് വീഡിയോയിലൂടെ അദ്ദേഹത്തിന്റെ പ്രതികരണം.
എങ്ങനെയാണ് ഒരു മുഖ്യമന്ത്രിക്കും കെ പി സി സി പ്രസിഡന്റിനുമൊക്കെ തങ്ങള്‍ ക്രിമിനലുകള്‍ ആയിരുന്നു എന്ന് ലോകത്തോട് വിളിച്ച് പറയാന്‍ സാധിക്കുന്നതെന്ന് ചോദിക്കുകയാണ് സന്ദീപ്.
‘പിണറായി വിജയന്റെ ധീരതയെ പറ്റി, പിണറായി എത്രമാത്രം ധൈര്യവാനായിരുന്നു എന്നതിനെ പറ്റി അദ്ദേഹത്തിന്റെ ജീവിതത്തെ വളരെ അടുത്തറിഞ്ഞ സി പി എമ്മുകാരനായ ബെര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അത് ഇന്നേവരെ പിണറായി വിജയന് നിഷേധിച്ചിട്ടുമില്ല. ബെര്‍ലിന്‍ കുഞ്ഞനന്തന്റെ ആത്മകഥയായ ‘ഒളിക്യാമറകള്‍ പറയാത്തത്’ എന്നതില്‍ തലശേരിയില്‍ സി പി എം – ആര് എസ് എസ് സംഘര്‍ഷം നിലനിന്ന സമയത്ത് പിണറായി ഭയത്തിലായിരുന്നുവെന്ന് സൂചിപ്പിക്കുന്നുണ്ട്. സ്വയരക്ഷയ്ക്കായി അദ്ദേഹം ലൈസന്‍സ് ഉള്ള റിവോള്‍വര്‍ കരുതിയതാണ് നടന്നിരുന്നതെന്ന് ആത്മകഥയില്‍ സൂചിപ്പിക്കുന്നു. പിണറായിക്ക് ചുറ്റും അക്കാലത്ത് അംഗരക്ഷകര്‍ ഉണ്ടായിരുന്നു. രാഷ്ട്രീയ ആക്രമണം ഏത് നിമിഷം വേണമെങ്കിലും ഉണ്ടാകുമായിരുന്നുവെന്ന് തോന്നലായിരുന്നു പിണറായിക്ക്.’ – ബെര്‍ലിന്‍ കുഞ്ഞനന്തന്റെ ആത്മകഥയിലെ ഭാഗങ്ങള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
‘പിണറായി താമസിക്കുന്ന മുറിക്ക് പുറത്ത് ഗണ്മാന് ഉണ്ടെങ്കില്‍ പോലും അദ്ദേഹം വാതിലിന്റെ സാക്ഷ ഇട്ടിട്ടേ കിടക്കുമായിരുന്നുള്ളു. എന്തിനാണ് വാതില്‍ അകത്ത് നിന്നും പൂട്ടുന്നതെന്ന ബെര്‍ലിന്റെ ചോദ്യത്തിന് ആരെയും കണ്ണടച്ച് വിശ്വസിക്കാനാകില്ല എന്നായിരുന്നു പിണറായിയുടെ മറുപടി.’ ആത്മകഥയിലെ ഭാഗം ഉദ്ധരിച്ച് സന്ദീപ് വാചസ്പതി പറഞ്ഞു. ജന്മനാ ധീരനായ, ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത വിജയന്റെ ധൈര്യം ഇതോടെ വ്യക്തമായില്ലേ എന്നും സന്ദീപ് വാചസ്പതി ചോദിച്ചു.
Discussion about this post