നിലപാട്– സുധീര്‍ എരൂര്‍
കേരളസമൂഹത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രതിഭാസത്തിനു സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യം നമുക്ക് ഇന്നലെ ഉണ്ടായി..!! ഒരൊറ്റ സംഭവം; അതിലൂടെ പ്രശസ്തരായത് ഒരാളോ ഒരു സംഭവമോ അല്ല..!! ഒരു ചെറിയ തരികിടപ്പരിപാടിയിലൂടെ രണ്ടു വ്യക്തികളും ഒരു പുസ്തകവും കേരളത്തിലെ ആബാലവൃദ്ധം സമൂഹമാധ്യമപൌരന്മാരുടെയും ശ്രദ്ധ പിടിച്ചുപറ്റി…പരസ്യമേഖലയ്ക്ക് ഇതാ പുതിയ ഒരു പാഠം.. പണ്ടൊക്കെ പുസ്തകത്തിന്റെ ഉള്ളടക്കത്തെച്ചൊല്ലി വിവാദം സൃഷ്ടിച്ചാണ് സംഭവം പ്രശസ്തമാക്കിക്കൊണ്ടിരുന്നത്.. ഇതിപ്പോള്‍ പുസ്തകപ്രകാശനച്ചടങ്ങാണ് വിവാദത്തിനു സ്കോപ്പ് ഉള്ള പുതിയ മേഖല..!! ശ്രീദേവി എസ് കര്‍ത്ത എന്ന എഴുത്തുകാരിയെ വെള്ളിയാഴ്ച അന്തിമയങ്ങുന്നതുവരെ കേരളത്തില്‍ കാര്യമായി അധികം ആരും അറിയുമായിരുന്നില്ല..! നല്ല ഭാഷാസ്വാധീനവും പരിജ്ഞാനവും ഉള്ളയാളായിട്ടു പോലും വേണ്ടത്ര ജനശ്രദ്ധ നേടാന്‍ സാധിക്കാഞ്ഞതിന്റെ കേടെല്ലാം പക്ഷെ ഒരൊറ്റ ദിവസം കൊണ്ട് തീര്‍ന്നു.! അബ്ദുല്‍കലാമിന്റെ പുസ്തകം കമ്പോടു കമ്പ് വിവര്‍ത്തനം ചെയ്തതിന്റെ ഒരംശം പോലും സമയമോ അധ്വാനമോ ചെലവഴിക്കാതെ തയ്യാറാക്കിയ ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റ്; എഴുത്തുകാരി ‘ലോകപ്രശസ്തയായി.'[divider][/divider]എഴുത്തുകാരിയ്ക്ക് മാത്രമല്ല പ്രശസ്തിഭാഗ്യം ഉണ്ടായത്.. അബ്ദുല്‍കലാമിനെ വരെ സ്വാധീനിച്ചിട്ടും കേരളക്കരയിലെ ഒരൊറ്റക്കുഞ്ഞു പോലും അറിയാതെ കിടന്നിരുന്ന മഹാനാരായണ്‍ സംന്യാസസംസ്ഥാന് എന്ന സമൂഹത്തിനും അതിന്റെ പ്രതിനിധിയായ സ്വാമി ബ്രഹ്മവിഹാരി ദാസ് ജിയ്ക്കും കിട്ടി പ്രശസ്തി…!! ജനനം തൊട്ട് (അതോ അതിനുമുന്‍പ് മുതലെയോ എന്നറിയില്ല) ഇന്നുവരെ സ്ത്രീസാന്നിധ്യം അനുഭവിച്ചിട്ടില്ലാത്ത സ്വാമിയും സ്വാമിയുടെ മഠവും ഇന്നലെ കേരളത്തില്‍ സൂപ്പര്‍ ഹിറ്റ് ആയി ഓടുകയായിരുന്നു..!!![divider][/divider]ഇവര്‍ക്ക് മാത്രം മതിയോ പ്രശസ്തി.? പശുവിന്റെ കടിയെക്കാള് കാക്കയുടെ വിശപ്പിനല്ലേ പ്രാധാന്യം കൊടുക്കേണ്ടത്..? സ്വാമിജി സ്വാധീനിച്ച് ശ്രീദേവി വിവര്ത്തിച്ച് കറന്റ് ബുക്ക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിനും കിട്ടി ഒരു ഒന്നൊന്നര പ്രശസ്തി.. തൃശ്ശൂരിലെ കേരള സാഹിത്യഅക്കാദമി ഹാളില്‍ അധികമാരെയും ബുദ്ധിമുട്ടിയ്ക്കാതെ അനാവൃതമാകേണ്ടിയിരുന്ന പ്രസ്തുത ഗ്രന്ഥത്തിന്റെ ആദ്യ പ്രതിയുടെ തുണിയുരിയുന്ന കാഴ്ച കാണാന്‍ അക്ഷരങ്ങളുമായി പുലബന്ധം ഇല്ലാത്തവര്‍ പോലും ഇന്നലെ അവിടെ തടിച്ചുകൂടി.. അവിടത്തെ തിരക്കു കണ്ടു പ്രസ്തുത പരിപാടി വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ പൂരത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ നടത്തേണ്ടി വരുമോ എന്ന് വരെ സംശയിച്ചു പോയത്രേ..ഇനിയിപ്പോള്‍ വരും വാരങ്ങളില്‍ കേരളത്തിലെ പ്രമുഖ പുസ്തകക്കടകളില്‍ ഇതിന്റെ പകര്‍പ്പ് അന്വേഷിച്ച് എത്തുന്ന വിജ്ഞാനകുതുകികളുടെ എണ്ണം ഊഹിക്കാവുന്നതിനും അപ്പുറമായിരിക്കും എന്ന് കരുതാം.[divider][/divider]എത്രയൊക്കെ താത്വികമായി വിശകലനം ചെയ്യുമ്പോഴും ഒരു പരസ്യസ്റ്റണ്ട് എന്നതിനപ്പുറം പ്രസ്തുത വേഷംകെട്ടലിനു ഒരു മാനവും കാണാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം..!! ആരുമാരും അറിയാതെ നടക്കേണ്ടിയിരുന്ന ഒരു പുസ്തകപ്രകാശനച്ചടങ്ങിനെ ഇങ്ങനെ ചില ചെപ്പടിവിദ്യകളിലൂടെ വിവാദമാക്കി സമൂഹത്തിന്റെ മൊത്തം ശ്രദ്ധ അതിലേയ്ക്ക് കേന്ദ്രീകരിച്ച് നിര്‍ത്തുന്ന ഒരു സൂക്ഷ്മബുദ്ധി ഈ സംഭവങ്ങളില്‍ ഉടനീളം കാണാം.. എ.പി.ജെ അബ്ദുല്‍കലാമിന്റെ പുസ്തകത്തിന്റെ വിവര്‍ത്തനം ചെയ്യുന്ന ചടങ്ങിലേയ്ക്ക് ഗുജറാത്തിലെ മഠാധിപതിയെ ക്ഷണിയ്ക്കുക..!! പിന്നെ സ്വാമിജിയുടെ തൊട്ടുകൂടായ്മ ചൂണ്ടിക്കാട്ടി വിവര്ത്തകയെ വേദിയില്‍ നിന്നും ഒഴിവാക്കുക..! ഇത് സംബന്ധിച്ച് പ്രസാധകരില്‍ നിന്നും നാളുകള്‍ക്ക് മുന്‍പേ അറിയിപ്പ് കിട്ടിയ വിവര്‍ത്തക, പരിപാടിയുടെ തൊട്ടുതലേദിവസം ഇതിനെപ്പറ്റി ഫേസ്ബുക്കില്‍ വികാരാധീനയാകുക..! എവിടെയൊക്കെയോ ഒരു തിരക്കഥ മണക്കുന്നില്ലേ എന്നൊരു സംശയം.! എന്തായാലും സംഭവം ഏറ്റു.. ക്ഷണിക്കപ്പെട്ട (വിധിക്കപ്പെട്ട) അതിഥികളും കുറെ ട്രെയിനി മാധ്യമപ്രവര്‍ത്തകരും ഇരുന്നു ബോറടിച്ച് തലമാന്തിപ്പറിയ്ക്കേണ്ടിയിരുന്ന ഹാളില്‍ ഇന്നലെ വിപ്ലവകാരികളും സ്ത്രീവിമോചകരും അടക്കം എത്തിച്ചേര്‍ന്നത് വലിയൊരു കൂട്ടം ആളുകള്‍.. ചാനലുകളുടെ ഒ.ബി വാനുകള്‍ ഹാളിനു പുറത്തുനിന്ന് തത്സമയം സംപ്രേഷിച്ചു..! പുസ്തകത്തിന്റെ തുണി എപ്പോള്‍ ആര് എങ്ങനെ ഉരിയും എന്ന ഉത്കണ്ഠയോടെ ആളുകള്‍ ചാനലുകള്‍ക്ക് മുന്നില്‍..!! സമൂഹമാധ്യമങ്ങളില്‍ സ്വാമിയുടെ പൂര്വപിതാമഹന്മാര്ക്ക് വരെ തര്‍പ്പണം..!! ചാനലില്‍ ചര്‍ച്ച..!! ഇങ്ങനെയൊരു പ്രസാധനകര്മം ഈയടുത്ത് ഏതെങ്കിലും പുസ്തകത്തിനു കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ്.[divider][/divider]ഇനിയിപ്പോള്‍ സംഭവം സത്യമാണ് എന്ന് കരുതുക..അപ്പോഴും കുറ്റവാളികള്‍ പ്രസാധകര് തന്നെ..!ഒരു പുസ്തകം പ്രസിദ്ധീകരിക്കുക എന്ന തീര്‍ത്തും കച്ചവടോന്മുഖമായ ചടങ്ങിലേയ്ക്ക് ഗുജറാത്തിലെ സ്വാമിയെ ആനയിച്ച് കൊണ്ടുവരേണ്ട കാര്യം എന്ത് എന്ന ചോദ്യം പ്രസാധകര് നേരിട്ടേ പറ്റൂ.! കേരളത്തെയും അവിടത്തെ സമൂഹത്തെയും പറ്റി മഠത്തിനും സ്വാമിയ്ക്കും അറിയില്ലെങ്കിലും കറന്റ് ബുക്സിന് അറിയില്ലായിരുന്നു എന്ന് പറയരുത്.. ശബരിമലയിലെയ്ക്കുള്ള ബസ്സില്‍ പെണ്ണിനെ കയറ്റിയില്ല എന്നതിന്റെ പേരില്‍പ്പോലും വിവാദവും സമരവും ഉണ്ടായ നാട്ടില്‍ ഇത്തരം രസകരമായ ആചാരങ്ങള്‍ ഉള്ള ആളുകളെ കൊണ്ടുവരുന്നതിലെ ബുദ്ധിയില്ലായ്മ മറ്റാരും മനസ്സിലാക്കിയില്ലെങ്കിലും പുസ്തകവും അക്ഷരങ്ങളുമായി ബന്ധമുള്ളവരെങ്കിലും മനസ്സിലാക്കണ്ടേ..? സ്ത്രീരഹിതവേദികളില് പങ്കെടുക്കാനും ഉപവിഷ്ടനാകാനും ഉള്ള അവകാശം എല്ലാവര്ക്കും ഇല്ല എന്ന സത്യവും അറിയണം.[divider][/divider]തിരക്കഥയും അഭിനയവും ആരുടേതായാലും ഇപ്പോള്‍ വെട്ടിലായത് ഇതിനെ ചുറ്റിപ്പിടിച്ച് പ്രതികരിക്കാന്‍ വന്ന പ്രതികരണത്തൊഴിലാളികളാണ്.! പ്രസ്തുത ചടങ്ങിനെപ്പറ്റി ഒരു തരത്തിലുള്ള അറിവും തങ്ങള്‍ക്ക് കിട്ടിയിട്ടില്ല എന്നാണു ഇത് സംബന്ധിച്ച് പിന്നീട് നടന്ന ചാനല്‍ചര്‍ച്ചകളില്‍ മഠം അധികൃതര്‍ വ്യക്തമാക്കിയത്..പ്രസ്തുത പുസ്തകത്തിന്റെ അസ്സല് രൂപത്തിന്റെ പ്രകാശനകര്‍മം അങ്ങ് ലണ്ടനില്‍ നടന്നപ്പോള്‍ അവിടെ വേദിയിലും സദസ്സിലും അനവധി സ്ത്രീകള്‍ സന്നിഹിതരായിരിയ്ക്കുന്നതിന്റെ ഫോട്ടോകള്‍ ഇപ്പോള്‍ പുറത്തുവരുന്നു.. ഇനിയിപ്പോള്‍ കേരളത്തിലെ വനിതകള്‍ക്ക് മാത്രമായി ഒരു അയിത്തം സ്വാമി കല്പ്പിച്ചു എന്നോ മറ്റോ ആണോ വിവാദം ഉണ്ടാക്കിയവര്‍ ഉദ്ദേശിച്ചത് എന്നറിയില്ല. അപ്പോഴും ഈ ചടങ്ങില്‍ അവതാരകയായി ഉദ്ദേശിച്ചിരുന്നത് മറ്റൊരു സാഹിത്യകാരിയായ ഇന്ദുമേനോനെയാണ്.. അവിടെയും ഈ സ്ത്രീവിരുദ്ധ ആരോപണത്തിനു ഗുരുതരമായി പരിക്കേല്‍ക്കുന്നുണ്ട്..!! കള്ളം പറയുമ്പോഴും വിവാദം ഉണ്ടാക്കുമ്പോഴും അല്പം ബുദ്ധികൂടി പ്രയോഗിക്കുന്നത് നന്നായിരിക്കും.[divider][/divider]എ.പി.ജെ അബ്ദുല്‍കലാം എന്ന മഹാനായ മനുഷ്യന് കൈവിട്ടു സംഘപരിവാറിന്റെ സ്വത്തായിപ്പോയതിന്റെ ഏനക്കേട് പല കേന്ദ്രങ്ങളിലും ഇന്നും തികട്ടി നില്‍പ്പുണ്ട്.. കലാമിനെ നേരിട്ട് അധിക്ഷേപിച്ചാല്‍ നാട്ടുകാരുടെ മുന്പില് വിലപ്പോവില്ല എന്ന ബോധ്യം ഉള്ളത് കൊണ്ട് കലാമുമായി ബന്ധപ്പെട്ടുള്ള എല്ലാ വ്യക്തികളെയും സ്ഥാപനങ്ങളെയും വിവാദത്തിലെയ്ക്ക് വലിച്ചിഴച്ച് അവഹേളിയ്ക്കുകയും അതുവഴി അബ്ദുല്‍കലാമിന്റെ ആശയസംശുദ്ധി ചോദ്യം ചെയ്യുകയും ചെയ്യാം എന്ന സൈദ്ധാന്തികസമീപനം ആവാനും സാധ്യതയുണ്ട്.!! ഇനിയുള്ള പുസ്തകപ്രകാശനങ്ങള്‍ കൂടുതല്‍ പ്രകാശം പരത്തുന്നവയാകട്ടെ എന്ന് ജയരാജഭാഷ്യത്തില് ആശംസിക്കാം…
Discussion about this post