കോഴിക്കോട്: കോഴിക്കോട് മഹിളാ മന്ദിരത്തില്‍ ബംഗ്ലാദേശ് സ്വദേശി ആത്മഹത്യക്ക് ശ്രമിച്ചു. എരഞ്ഞിപ്പാലം ഫ്ലാറ്റ് പീഡന കേസ്സിലെ ഇരയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെ 11 മണിയോടെയാണ് യുവതിയെ അവശനിലയില്‍ കണ്ടത് .
ബംഗ്ലാദേശ് സ്വദേശിനിയെ തിരികെ കൊണ്ടുപോകാനായി ശനിയാഴ്ച നാട്ടില്‍ നിന്നും ഭര്‍ത്താവ് എത്തിയിരുന്നു. മഹിളാമന്ദിരത്തില്‍ വെച്ച് ഭര്‍ത്താവ് പെണ്‍കുട്ടിയുമായി സംസാരിക്കുകയും ചെയ്തിരുന്നു.
പെണ്‍കുട്ടി നാട്ടിലേക്ക് മടങ്ങിപ്പോകുന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കണ്ട് കേസിലെ പ്രതികള്‍ ഭര്‍ത്താവിനെ സഹായിക്കാനായി രംഗത്ത് എത്തിയിരുന്നു. പ്രതികളും സംഘവും സന്നദ്ധ പ്രവര്‍ത്തകരെന്ന വ്യാജേനെ ഭര്‍ത്താവിനെ ജില്ലാകളക്ടര്‍ക്ക് മുന്നിലെത്തിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് സാമൂഹ്യക്ഷേമവകുപ്പിലും ഭര്‍ത്താവുമായി ഈസംഘം എത്തിയിരുന്നു.
കഴിഞ്ഞ മേയ് 28ന് കെട്ടിയിട്ടശേഷം ക്രൂരമായ മാനഭംഗപ്പെടുത്തുന്നതിനിടെ രക്ഷപ്പെട്ട് എരഞ്ഞിപ്പലത്തെ ഫഌറ്റില്‍ നിന്നും ഇറങ്ങിയോടിയ പെണ്‍കുട്ടിയെ നാട്ടുകാരാണ് നടക്കാവ് പോലീസ് സ്റ്റേഷനിലെത്തിച്ചത്.
ഭര്‍ത്താവുമായി പിണങ്ങിയിറങ്ങിയ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്താണ് കടത്തിക്കൊണ്ട് വന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വയനാട് മൂട്ടില് പുതിയ പുരയില്‍ സുഹൈല്‍, ഭാര്യ വയനാട് സുഗന്ധഗിരിസ്വദേശിനി അംബിക, കുടക് സ്വദേശി സിദ്ദീഖ്, കൊണ്ടോട്ടിസ്വദേശി അബ്ദുല്‍ കരിം , കാപ്പാട് സ്വദേശി റിയാസ്, ഫാറൂക് കോളേജ് സ്വദേശി അബ്ദുല്‍ റഹ്മാന് എന്നിവരെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
Discussion about this post