ഡല്‍ഹി: അയോധ്യ ക്ഷേത്രനഗരിയിലെ വികസന പദ്ധതികള്‍ അവലോകനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ പാരമ്പര്യത്തിന്റെ മഹത്വവും വികസനപരിവര്‍ത്തനങ്ങളുടെ മികവുമായിരിക്കണം അയോധ്യയില്‍ പ്രതിഫലിപ്പിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് അദ്ദേഹം വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്.
അയോധ്യയുടെ വികസനത്തിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുളള വികസന പദ്ധതികള്‍ യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയെ അറിയിച്ചു.
റോഡുകള്‍, അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയുടെ വികസനം, റെയില്‍വേ സ്റ്റേഷന്, വിമാനത്താവളം എന്നിവയുടെ നിര്‍മാണം തുടങ്ങിയ വികസന പദ്ധതികള്‍ നടത്താനാണ് യുപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അയോധ്യ ഇന്ത്യക്കാരുടെ സാംസ്കാരിക ബോധത്തില്‍ കൊത്തിവെയ്ക്കപ്പെട്ട നഗരമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ആത്മീയവും പ്രൗഢിയേറിയതുമാണ് അയോദ്ധ്യ. ഈ നഗരത്തിന്റെ പൊതുബോധം ഭാവിയിലെ അടിസ്ഥാന സൗകര്യങ്ങളുമായി പൊരുത്തപ്പെടുന്നതാകണം. അയോധ്യ ഓരോ ഇന്ത്യക്കാരന്റെയും നഗരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post