കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്ജുന് ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. ജൂലൈ ആറുവരെയാണ് കസ്റ്റഡി കാലാവധി. രാമനാട്ടുകരയില്‍ കടത്ത് സ്വര്‍ണം പിടികൂടാനെത്തിയ ക്വട്ടേഷന്‍ സംഘം അപകടത്തില്‍പ്പെട്ട ദിവസം അര്ജുന് കരിപ്പൂരില്‍ എത്തിയതിന്റെ അടക്കം തെളിവ് പുറത്ത് വന്നതോടെയായിരുന്നു അന്വേഷണം അര്‍ജുനിലേക്ക് നീങ്ങിയത്.
രാമനാട്ടുകരയില്‍ അഞ്ച് പേര് കാറപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സ്വര്‍ണ്ണക്കടത്തിലേക്കും അത് തട്ടിയെടുക്കുന്ന സംഘത്തിലേക്കും അതുവഴി അര്ജുന് ആയങ്കിയിലേക്കും എത്തിയത്. കൂടാതെ പങ്കാളിത്തം സംബന്ധിച്ച ശബ്ദരേഖയും പുറത്തുവന്നിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ ആദ്യം പിടിയിലായ മുഹമ്മദ് ഷഫീഖ് കടത്തിയ സ്വര്‍ണത്തില്‍ രണ്ടരക്കിലോ അര്ജുന് ആയങ്കിക്ക് വേണ്ടിയാണെന്ന് വെളിപ്പെടുത്തിയിരുന്നു. സ്വര്‍ണവുമായി വിമാനത്താവളത്തിലെത്തിയ ഷഫീഖിനു നിര്‍ദേശങ്ങള്‍ നല്‍കിയത് അര്ജുന് ആയിരുന്നുവെന്ന് കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിമാനത്താവളത്തില്‍ എത്തുമ്പോള്‍ എങ്ങനെ പെരുമാറണം എന്നതുള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ അര്ജുന് ഷഫീഖിനു നല്കി. അര്‍ജ്ജുനുമായി ഷെഫീഖ് നടത്തിയ ചാറ്റുകളും കോളുകളും പ്രധാന തെളിവുകളായി.
എന്നാല്‍ കടം നല്കിയ പണം വിദേശത്ത് നിന്നെത്തിയ ആളില്‍ നിന്നും തിരികെ വാങ്ങാനാണ് കരിപ്പൂരില്‍ എത്തിയതെന്നാണ് അര്ജുന് പറയുന്നത്.
മൊഴി വിശ്വാസയോഗ്യമല്ലെന്നും സ്വര്‍ണ്ണക്കടത്തില്‍ അര്ജുന് പങ്കെടുത്തതിന്റെ തെളിവ് ഉണ്ടെന്നുമാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. ഫോണ്‍ രേഖകള്‍ അടക്കം ഇത് വ്യക്തമാക്കുന്ന തെളിവാണെന്നും കസ്റ്റംസ് വ്യക്തമാക്കി.
Discussion about this post