കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 33 താലിബന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ബാള്‍ക്ക് പ്രവിശ്യയിലെ കല്‍ദാര്‍, ഷോട്ടേപ്പാ ജില്ലകളിലെ തീവ്രവാദികളുടെ കേന്ദ്രങ്ങളിലാണ് ശക്തമായ വ്യോമാക്രമണം നടത്തിയത്. പത്തൊമ്പതോളം തീവ്രവാദികള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
തീവ്രവാദികളുടെ കൈവശമുണ്ടായിരുന്ന വന്‍ ആയുധശേഖരവും വെടിക്കോപ്പുകളും ആക്രമണത്തില്‍ നാമാവശേഷമായി. അഫ്ാനിസ്ഥാനില് നിന്ന് അമേരിക്കന്‍ സൈന്യം മെയ് ഒന്ന് മുതല്‍ പിന്മാറ്റം ആരംഭിച്ച പശ്ചാത്തലത്തിലാണ് താലിബന്‍ തീവ്രവാദികള്‍ പല പ്രദേശങ്ങളും കൈയടക്കാന്‍ തുടങ്ങിയത്.
അമേരിക്കയിലെ തീവ്രവാദി ആക്രമണത്തിന്റെ ഇരുപതാം വാര്‍ഷിക ദിനമായ അടുത്ത സെപ്തംബര്‍-11 ന് സേനാ പിന്മാറ്റം അവസാനിപ്പിക്കാനാണ് ധാരണയായിട്ടുള്ളത്. താലിബനെ നേരിടാന്‍ മുന്‍ സൈനിക മേധാവി ബിസ്മില്ലാഖാന് മുഹമ്മദിയെ പ്രതിരോധമന്ത്രിയായി നിയമിച്ചിരിക്കുകയാണ്. 1990 കളില്‍ താലിബന്‍ എതിരായ പോരാട്ടത്തിന് നേതൃത്വം വഹിച്ച സൈനിക മേധാവിയായിരുന്നു ബിസ്മില്ലാഖാന്.
Discussion about this post