ബോളിവുഡ് താരങ്ങള്‍ ആഡംബരഭവനങ്ങള്‍ സ്വന്തമാക്കുന്നത് അത്ര പുതുമയുള്ള വാര്‍ത്ത ഒന്നുമല്ല. എന്നാല്‍ ലോണ്‍ എടുത്തു വീട് വാങ്ങുന്ന താരങ്ങളെ കുറിച്ച് അധികം നമ്മള് കേട്ടിട്ടില്ല. പലരും ഇത്തരത്തില്‍ ചെയ്യുമെങ്കിലും അതൊന്നും പുറംലോകം അറിയാറില്ല എന്നതാണ് സത്യം.
ബോളിവുഡ് താരദമ്പതികളില്‍ പ്രമുഖരാണ് അജയ് ദേവ്ഗണ്-കജോള്‍ ദമ്പതിമാര്‍. കഴിഞ്ഞ മാസം മുംബൈയിലെ ജൂഹുവില്‍ 47.5 കോടി രൂപയുടെ ആഡംബരഭവനം അജയ് വാങ്ങിയത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ അതിന്റെ ബാക്കി വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. 18 കോടി രൂപയുടെ ഹോംലോണാണ് താരം ഇതിനായി എടുത്തത് എന്നാണ് വാർത്തകൾ. 6,500 ചതുരശ്രയടിയുള്ള വീടാണിത്. അജയുടെയും അമ്മ വീണ വിരേന്ദ്ര ദേവ്ഗണിന്റെയും പേരിലാണ് ഈ വീട് രജിസ്റ്റർ ചെയ്തത്.
നിലവില്‍ ‘ശിവ ശക്തി ‘ എന്ന ബംഗ്ലാവിലാണ് അജയ് ദേവ്ഗണും ഭാര്യ കജോളും മക്കളായ നൈസയും യുഗും അടങ്ങുന്ന കുടുംബം കഴിയുന്നത്. ഇതിനു ഏതാണ്ട് അടുത്തായി തന്നെയാണ് ഇപ്പോള്‍ പുതിയ ബംഗ്ലാവ് അജയ് വാങ്ങിയതും. വീടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ മാത്രം 2.73 കോടി രൂപ ചിലവായിട്ടുണ്ട്. അതിനിടയില്‍ ഈ ബംഗ്ലാവിന്റെ വില 60 കോടിയാണ് എന്നും റിപ്പോര്‍ട്ട് ഉണ്ട്.
2020 ന്റെ അവസാനത്തോടെ തന്നെ ഈ വീടിന്റെ വിൽപനനടപടികൾ പൂര്‍ത്തിയായിരുന്നു എന്നാണ് വാര്‍ത്ത. അമിതാഭ് ബച്ചൻ, ധർമേന്ദ്ര, അക്ഷയ് കുമാർ, ഹൃതിക് റോഷൻ തുടങ്ങിയ ബി-ടൗൺ താരങ്ങളും ഇതേ പ്രദേശത്ത് തന്നെയാണ് താമസം. വീടിന്റെ റെനവേഷൻ ജോലികൾ താരം ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞുവെന്നും റിപ്പോർട്ടുകൾ പറയുന്നു.സ്റ്റാമ്പ് ഡ്യൂട്ടിയിൽ മഹാരാഷ്ട്ര സർക്കാർ നൽകിയ ഇളവ് മുതലെടുത്ത് 2020 ഡിസംബറിലാണ് അജയ് ഈ ബംഗ്ലാവ് വാങ്ങിയത്. ഈ ബംഗ്ലാവ് പുഷ്പ വാലിയയുടെ ഉടമസ്ഥതയിലായിരുന്നു.
Discussion about this post