ഡല്‍ഹി: റഷ്യയുടെ കോവിഡ് വാക്സിനായ സ്പുട്നിക് V ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്നതിന് പ്രമുഖ ഫാര്‍മ കമ്പനിയായ പനസിയ ബയോടെക്കിന് ദി ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡി.സി.ജി.ഐ) ലൈസന്‍സ്. സ്പുട്നിക് വാക്സിന് പ്രാദേശികമായി ഉല്പാദിപ്പിക്കാന് ലൈസന്‍സ് ലഭിക്കുന്ന ആദ്യ കമ്പനിയാണ് പനസിയ.
വാക്സിന്റെ അന്താരാഷ്ട്ര ഉത്പാദനത്തിന്റെയും വിതരണത്തിന്റെയും ചുമതലയുള്ള റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുമായി (ആര്.ഡി.ഐ.എഫ്) സ്പുട്നിക് ഉല്പാദനത്തില് പങ്കാളിയായ ആറ് കമ്പനികളില്‍ ഒന്ന് പനസിയ ബയോടെക് ആണ്.
പനസിയയുടെ ഹിമാചല്‍പ്രദേശിലെ ബഡ്ഡിയിലുള്ള നിര്‍മാണശാലയിലുണ്ടാക്കിയ സ്പുട്നിക് വാക്സിന്റെ ആദ്യബാച്ച് ഇൗ വര്‍ഷം മേയ് അവസാനവാരം റഷ്യയിലെ ഗമലേയ സെന്ററിന് അയച്ചുകൊടുത്തിരുന്നു. ഗമലേയ സെന്ററിലെ എല്ലാ ഗുണനിലവാര പരിശോധനകളും വിജയകരമായി പിന്നിട്ട വാക്സിന് ഹിമാചല്‍ പ്രദേശിലെ കസോളിയിലുള്ള സെന്‍ട്രല്‍ ഡ്രഗ് ലബോറട്ടറിയിലെ പരിശോധനകളും വിജയിച്ചിരുന്നു. ഈ പരീക്ഷണ വിജയങ്ങളും ഇപ്പോള്‍ ലഭിച്ച ഡി.സി.ജി.ഐ ലൈസന്‍സും കമ്പനിക്ക് ലഭിച്ച മികച്ച അംഗീകാരമാണെന്ന് പനസിയ ബയോടെക് മാനേജിങ് ഡയറക്ടര്‍ രാജേഷ് ജെയ്ന്‍ പറഞ്ഞു.
പ്രതിവര്‍ഷം 100 മില്യണ്‍ ഡോസുകള്‍ ഉല്പാദിപ്പിക്കാനാണ് ആര്.ഡി.ഐ.എഫുമായി ധാരണയായിരിക്കുന്നതെന്ന് പനസിയ വൃത്തങ്ങള്‍ അറിയിച്ചു.
സ്പുട്നിക് വാക്സിന്റെ വിതരണത്തിന് ആര്.ഡി.ഐ.എഫുമായി ധാരണയുണ്ടാക്കിയിരിക്കുന്ന ഡോ. റെഡ്ഡീസ് ലബോറട്ടറി വഴിയായിരിക്കും പനസിയ ഉല്പാദിപ്പിക്കുന്ന വാക്സിനും വിതരണം ചെയ്യുക. 250 മില്യണ്‍ ഡോസുകള്‍ വിതരണം ചെയ്യുന്നതിനാണ് ഡോ. റെഡ്ഡീസ് ലബോറട്ടറിയും ആര്.ഡി.ഐ.എഫും ധാരണയായിരിക്കുന്നത്.
ഏപ്രില്‍ 12നാണ് സ്പുട്നിക് Vക്ക് ഇന്ത്യ അടിയന്തര ഉപയോഗ അനുമതി നല്‍കിയത്. മേയ് 14 മുതല്‍ ഈ വാക്സിന് ഇന്ത്യയില്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുമുണ്ട്.
വിശാഖപട്ടണം, ബംഗളൂരു, മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ബഡ്ഡി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ സ്പുട്നിക് വാക്സിന് നല്‍കുന്നുണ്ട്. 67 രാജ്യങ്ങളാണ് സ്പുട്നിക് വാക്സിന് ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്. രണ്ട് ഡോസ് സ്പുട്നിക് വാക്സിന് എടുക്കുന്നത് കോവിഡ് പ്രതിരോധത്തില്‍ 91.6 ശതമാനം വിജയകരമാണെന്ന് ഗമലേയ സെന്റര്‍ വ്യക്തമാക്കി.
Discussion about this post